general

ബാലരാമപുരം: കൊവി‌ഡ് ഭീതിയകലുന്നതോടെ പുതിയ അദ്ധ്യായന വർഷത്തിൽ ബാലരാമപുരം ജി.എച്ച്.എസ്.എസിലെ അന്താരാട്ര നിലവാരമുള്ള ബഹുനിലമന്ദിരങ്ങൾ വിദ്യാർത്ഥികൾക്കായി തുറക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പത്ത് കോടി രൂപ വിനിയോഗിച്ചാണ് സ്കൂളിൽ രണ്ട് ബഹുനിലമന്ദിരങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് അഡ്വ. എം. വിൻസെന്റ് എം.എൽ.എ ബാലരാമപുരം ഹയർസെക്കൻഡറി സ്കൂളിന് പുതിയ മാനം നൽകുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായിട്ടുള്ള അവസാനഘട്ട ജോലികൾ ഉടൻ പൂർത്തിയാകും. 18ഉം 12ഉം ക്ളാസുകളുള്ള ഇരു കെട്ടിടങ്ങളിലെയും ഓരോനിലയിലും പ്രത്യേക ടോയ്ലെറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. പ്രീജയുടെ വികസനഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് ആധുനിക കവാടം,​ സുരക്ഷാ മുറി,​ ആൺകുട്ടികൾക്കുള്ള ശിശു സൗഹൃദ ടോയ്ലെറ്റ് എന്നിവയുടെ നിർമാണവും അവസാനഘട്ടത്തിലാണ്. പ്രധാന മന്ദിരത്തിൽ രണ്ട് സെമിനാർ ഹാളുകളുടെ നിർമാണവും പൂർത്തിയായി. ക്ലാസ്മുറികളിൽ ടൈൽ പാകി പ്രൊജക്ടറുകൾ സ്ഥാപിക്കുന്നതിന്റെ ജോലികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. എലിമെന്ററി സ്കൂളായിരുന്ന ഈ വിദ്യാലയം ബഹുജനപ്രക്ഷോപത്തിന്റെയും അദ്ധ്യാപക രക്ഷാകർതൃസംഘടനകളുടേയും പിൻതുണയോടെയാണ് ഹൈസ്കൂളായി ഉയർന്നത്. ആദ്യകാല കമ്മ്യൂണിസ്റ്ര് നേതാക്കളിൽ ഒരാളായ പി. ഫക്കീർഖാൻ ഇഷ്ടദാനമായി നൽകിയ 36 സെന്റ് ഭൂമിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മലയാളം,​ തമിഴ്,​ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 1500ലേറെ കുട്ടികൾ പഠിക്കുന്നു. സ്കൂൾ കാമ്പസ് പൂർണമായും വൈഫൈ സംവിധാനമാകുന്നതോടെ കോവളം മണ്ഡലത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയമായിസ്കൂൾ മാറും. സ്കൂളിനെ പി. ഫക്കീർഖാൻ സ്മാരക ഹയർസെക്കൻഡറി സ്കൂൾ എന്ന് നാമകരണം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ഉദ്ഘാനടത്തിന് മുന്നോടിയായി അവലോകനയോഗങ്ങൾ ചേരുമെന്ന് അഡ്വ. എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു.