manoharan

വിതുര: തൊളിക്കോട് തച്ചൻകോട് മനേഹരൻ നായർ ലോക്ക് ഡൗൺകാലവും ബിസിയാണ്. കഴിഞ്ഞ 17 വർഷമായി തുടരുന്ന മത്സ്യക്കൃഷിക്ക് എന്ത് ലോക്ക് ഡൗൺ. മത്സ്യക്കൃഷി പരിപാലനവും പരിശീലനവും വില്പ്പനയും ഇപ്പോഴും മുറപോലെ. പാറമടകൾ, കുളങ്ങൾ, ആദിവാസി മേഖലകൾ എന്നിവിടങ്ങളിൽ വ്യാപിച്ച് കിടക്കുകയാണ് ഇദ്ദേഹത്തിന്റെ മത്സ്യക്കൃഷികൾ. ആവശ്യക്കാർക്ക് വീടിന് മുന്നിൽ ജീവനോടെ മത്സ്യം കിട്ടും.

സർക്കാർ ആവിഷ്കരിച്ച ആത്മാഫാം സ്കൂൾ വഴി വിദ്യാർത്ഥികൾക്കും മറ്റും മത്സ്യകൃഷി പരിശീലനവും നൽകുന്നുണ്ട്. വിളിച്ചാൽ മനോഹരൻ നായർ മത്സ്യം വളർത്തുന്ന കേന്ദ്രങ്ങളിൽ പാഞ്ഞെത്തി വേണ്ട നിർദേശങ്ങൾ നൽകും. കൂടാതെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾക്കായി സ്കൂൾ വളപ്പിലും, പൊലീസ് സ്റ്റേഷൻ പരിസരത്തും മത്സ്യകൃഷി നടത്തുന്നുണ്ട്. സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ മത്സ്യക്കൃഷി പ്രമോട്ടർ കൂടിയാണ് മനോഹരൻ. പഞ്ചായത്തിലെ മികച്ച കർഷകനായി അനവധി തവണ മനോഹരൻ നായരെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ നിരവധി കാർഷിക പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഉപയോഗശൂന്യമായി കിടന്ന പാറമടകളിൽ ഇന്ന് മനോഹരന്റെ മത്സ്യക്കുഞ്ഞുങ്ങൾ വളരുന്നു. ആലപ്പുഴയിലെ പമ്പാ ഹാച്ചറിയിൽ നിന്നും നെയ്യാർ ഡാം ഹാച്ചറികലിൽ നിന്നും എല്ലാം വാങ്ങുന്ന ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ തൊളിക്കോട്, വിതുര പഞ്ചായത്തുകളിലായി ഇരുന്നൂറോളം കേന്ദ്രങ്ങളിൽ ക‌ൃഷിചെയ്യുന്നത്. ഇതിന് എപ്പോഴും കൂട്ടായി കർഷകരും ഒപ്പമുണ്ട്. വീട്ടമ്മമാർക്കും കുടുംബശ്രീ പ്രവർത്തകർക്കും വിഷരഹിത മത്സ്യം വീട്ടുവളപ്പിൽത്തന്നെ ലഭിക്കാൻ ടാർപ്പായ കുളങ്ങളിലെ മത്സ്യക്കൃഷിയും മനോഹരൻ നടത്തുന്നുണ്ട്. ഒപ്പം മത്സ്യകർഷകരെ സഹായിക്കുന്നതിനായി കൃഷി നടത്തുന്ന മത്സ്യം തിരിച്ചു വാങ്ങി വില്പന നടത്തുകയും ചെയ്യും.

ആദിവാസി മേഖലകളിൽ തൊഴിലുറപ്പ് പദ്ധതി വഴി നിരവധി കുളങ്ങൾ നിർമ്മിച്ചിരുന്നു. ഇവിടെ നിർമ്മിച്ചിട്ടുള്ള 31ഓളം കുളങ്ങളിൽ മനോഹരന്റെ നേതൃത്വത്തിൽ മത്സ്യക്കൃഷി ചെയ്യുന്നുണ്ട്. ഇവർക്ക് ആവശ്യമുള്ള സഹായങ്ങളും നിർദ്ദേശങ്ങളും നൽകാൻ മനോഹരൻ എപ്പോഴും റെഡിയാണ്. നിലവിൽ ആദിവാസികൾക്ക് നല്ലവരുമാനമാർഗമാണ് മത്സ്യക്കൃഷി. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് പദ്ധതി വഴി 100 കുളം കൂടി നിർമ്മിച്ച് മത്സ്യക്കൃഷി വിപുലമാക്കാനുള്ള ശ്രമത്തിലാണ് ആദിവാസികൾ.

തെങ്ങിൽ കയറാൻ ആളില്ല, പിന്നെന്തിനാണ് കേരക‌ൃഷി എന്ന കേരകർഷകരുടെ ചോദ്യത്തിനുള്ള ഉത്തരവും മനോഹരന്റ പക്കലുണ്ട്. 30 മാസം കൊണ്ട് വിളവെടുക്കാവുന്ന കുള്ളൻതെങ്ങുകളുടെ പ്രചാരകൻ കൂടിയാണ് ഇദ്ദേഹം. വീട്ടുമുറ്റത്തെ തെങ്ങിൽ നിന്നും വീട്ടമ്മമാർക്കും കുട്ടികൾക്കും വരെ ഇതിന്റെ വിളവെടുക്കാം. നാളീകേരവികസന ബോർഡിന്റെ അംഗീകാരത്തോടെ കുറിയ തെങ്ങിനെ ഇദ്ദേഹം അവതരപ്പിക്കുന്നത്. സ്കൂൾ കുട്ടികൾക്ക് സൗജന്യമായി കുട്ടിതെങ്ങ് വിതരണം നടത്തുന്നുണ്ട്.

 കുട്ടിത്തെങ്ങ് ഇങ്ങനെ

കുറിയ തെങ്ങിന്റെ 20 വ‌ർഷം പ്രായമുള്ള മാതൃവൃക്ഷത്തിൽ നിന്നുള്ള തേങ്ങയാണ് വിത്തിനായി ഉപയോഗിക്കുന്നത്. താഴെ വീഴാതെ കെട്ടിയിറക്കുന്ന തേങ്ങ 25 ദിവസം നിവർത്തിയും 15 ദിവസം കമിഴ്ത്തിയും വയ്ക്കും. വേനലാണെങ്കിൽ 20 എണ്ണം വീതം ചണച്ചാക്കിൽ കെട്ടി വെള്ളത്തിൽ ഒരു ദിവസം താഴ്ത്തിവയ്ക്കും. പിന്നീട് 2 അടി താഴ്ചയിൽ ചാല് കീറി അതിൽ ചകിരിച്ചോറ് നിരത്തി 2 തേങ്ങ വീതം ചേത്ത് വച്ചാണ് നടുന്നത്. വിത്ത് തേങ്ങയുടെ കോളർഭാഗത്തിന്റ ചുറ്റുവണ്ണം 2 സെ.മീ വേണം. അല്ലെങ്കിൽ 8 ഓല വരിഞ്ഞുവരുന്നത്. എന്നാൽ 100 തേങ്ങ നടുമ്പോൾ 60 മുതൽ 65 വരെ തെങ്ങാമാത്രമാണ് കിട്ടുന്നതെന്ന് മനോഹരൻ പറയുന്നു. ഇത്തരത്തിൽ പുഷ്ടിയോടെ വളരുന്ന തെങ്ങിൻതൈകൾ ആവശ്യക്കാർക്ക് എത്തിച്ച് നൽകുകയാണ് പതിവ്. തൈകൾ ജില്ലയ്ക്കകത്ത് നേരിട്ടും മറ്റ് ജില്ലകളിൽ കൊറിയറായും അയയ്ക്കും.