തിരുവനന്തപുരം: സാലറി ചലഞ്ചിനെ അംഗീകരിക്കുന്നുവെങ്കിലും അതിന് ജീവനക്കാരുടെ സമ്മതപത്രം വാങ്ങണമെന്നും, ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം പിരിക്കാൻ പാടില്ലെന്നും,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോടികൾ കടം വാങ്ങി ധൂർത്തടിച്ച് അഴിമതിയും കെടുകാര്യസ്ഥതയും കാട്ടി എല്ലാം തകർത്തിട്ട് ജനങ്ങളുടെ മുന്നിൽ കൈ നീട്ടുകയാണ്. കൈയിൽ പണമില്ലാതെ ഉഴലുന്ന ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കുന്നതിന് പകരം തിരിച്ചുപിടിക്കുന്ന ധനമന്ത്രിയുടെ ഏർപ്പാട് വിരോധാഭാസമാണ്. കേന്ദ്രത്തിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നും കിട്ടിയ 1894കോടി ഇപ്പോൾ കേരളത്തിന്റെ കൈയിലുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരത്തുക രണ്ട് മാസത്തതേ ബാക്കിയുള്ളൂ. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താനുമിടയുണ്ട്. പ്രളയകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ സ്ഥിതി മെച്ചമായിരിക്കുമ്പോഴാണ് സാലറി ചലഞ്ചിന്റെ പേരിൽ നിർബന്ധിത പിരിവിനിറങ്ങുന്നത്.
സപ്ലൈകോ
വില കൂട്ടി
സപ്ലൈകോ എല്ലാ അവശ്യസാധനങ്ങളുടെയും വില കൂട്ടിയിരിക്കെ, കച്ചവടക്കാർ വില കൂട്ടിയാൽ കുറ്റപ്പെടുത്താനാകുമോ? കേരളത്തിന്റെ സാമ്പത്തികത്തകർച്ചയുടെ ഉത്തരവാദിത്വം കൊവിഡിന്റെ തലയിൽ കെട്ടിവയ്ക്കണ്ട. കൊവിഡുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തനത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. കെ.എസ്.ആർ.ടി.സി ഡിപ്പോകൾ സാനിറ്റൈസ് ചെയ്യാൻ നൽകിയതിൽ നിന്ന് അഞ്ച് ലക്ഷം ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് വൃത്തിയാക്കാൻ വകമാറ്റി -ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രളയത്തിന്റെ പേരിൽ കിട്ടിയ പണത്തിന്റെയും അതിന്റെ വിനിയോഗത്തിന്റെയും കണക്കുകളറിയാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 4039.91കോടിയും സാലറി ചലഞ്ചിലൂടെ 1026.2കോടിയും കേന്ദ്രസഹായമായി 2904.8കോടിയും കിട്ടിയപ്പോൾ ചെലവഴിച്ചത് 2041 കോടി മാത്രമാണ്. റീബിൽഡ് കേരളയ്ക്ക് എ.ഡി.ബിയിൽ നിന്ന് ആദ്യഗഡുവായി കിട്ടിയ 1780കോടി എന്തിന് ചെലവഴിച്ചു?. . ജനങ്ങളോട് അല്പം പ്രതിബദ്ധതയുണ്ടെങ്കിൽ ഈ മഹാദുരന്തകാലത്ത് ഹെലികോപ്റ്റർ വാടകയ്ക്ക് 1.41കോടി നൽകില്ലായിരുന്നു. പ്രവർത്തനം തുടങ്ങാത്ത കേരള ബാങ്കിന്റെ പേരിൽ സംസ്ഥാന സഹകരണബാങ്ക് ജീവനക്കാരിൽ നിന്ന് 15കോടി ബലമായി പിടിച്ചുവാങ്ങിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.