ശ്രീകാര്യം: പൗഡിക്കോണത്തിന് സമീപം നടന്ന വാഹന പരിശോധനയ്ക്കിടെ ബൈക്കിടിച്ച് ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡിന് പരിക്ക്. ഇടതുകാലിന് പരിക്കേറ്റ സി.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് പൗഡിക്കോണം മുക്കിക്കട ജംഗ്ഷനിലായിരുന്നു സംഭവം. സംഭവത്തിൽ പോത്തൻകോട് വേങ്ങോട് തോന്നയ്‌ക്കൽ ഹരിജൻ കോളനി സ്വദേശി അരുൺ ഗോപാൽ (25), ചന്തവിള മാവിന്മൂട് പണയിൽ വീട്ടിൽ അരവിന്ദ് (24) എന്നിവരെ അറസ്റ്റുചെയ്‌തു. ബൈക്ക് ഓടിച്ച യുവാവ് സംഭവത്തിനുശേഷം രക്ഷപ്പെട്ടു. സി.ഐയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെ പൗഡിക്കോണം ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംതെറ്റി സി.ഐയുടെ ദേഹത്തുതട്ടി മറിയുകയായിരുന്നു. പരിക്കേറ്റ സി.ഐയെ മറ്റ് പൊലീസുകാർ എഴുന്നേല്പിക്കുന്നതിനിടെ രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഒരാളെ സംഭവ സ്ഥലത്തുവച്ചും ഒരാളെ ഇന്നലെയുമാണ് പൊലീസ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്‌തു. രക്ഷപ്പെട്ടയാൾക്കെതിരെ അന്വേഷണം ശക്തമാക്കിയതായി ശ്രീകാര്യം എസ്.ഐ പറഞ്ഞു.