saudi

ദുബായ്: കൊവിഡ് പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യയിൽ നഷ്ടത്തിലായ സ്വകാര്യ കമ്പനികൾക്ക് ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് സർക്കാർ അനുമതി നൽകി. ശമ്പളം കുറയ്ക്കുന്നതിനൊപ്പം ജോലി സമയവും വെട്ടിക്കുറയ്ക്കും. എന്നാൽ ഈ മാറ്റം വരുത്തുമ്പോൾ ജോലിക്കാരുടെ അനുമതി തേടണമെന്നും നിർദേശമുണ്ട്. ശമ്പളം കുറയ്ക്കുമ്പോൾ അതിനനുസരിച്ച് ജോലി സമയവും കുറയ്ക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം നിർദ്ദേശിച്ചു.

യു.എ.ഇയിൽ അവധി നേരത്തെയാക്കി നാട്ടിൽ പോകുന്നതിനുള്ള സൗകര്യവും ഭരണകൂടം ഒരുക്കുന്നുണ്ട്.

കൊവിഡിൻെറ മറവിൽ ജോലിക്കാരെ ചൂഷണം ചെയ്താൽ ശക്തമായ നടപടി കമ്പനികൾ നേരിടേണ്ടിവരും. ഏതെങ്കിലും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ചാനലുകൾ, സോഷ്യൽ മീഡിയ എന്നിവ വഴി റിപ്പോർട്ട് ചെയ്യാമെന്ന് മന്ത്രാലയ ഡയറക്ടർ സഅദ് അൽ ഹമ്മദ് പറഞ്ഞു.

സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിന് സൗദി ഭരണകൂടം പ്രത്യേക ഫണ്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ ഫണ്ടിൽ നിന്ന് കമ്പനികൾക്ക് സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. ഇങ്ങനെ സഹായം നേടിയ കമ്പനികൾ ജോലിക്കാരെ പിരിച്ചുവിടാനോ ശമ്പളം വെട്ടിക്കുറയ്ക്കാനോ പാടില്ല.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വാർഷിക അവധി നേരത്തെയാക്കാൻ യു.എ.ഇ പദ്ധതി തയ്യാറാക്കി. ഏർലി ലീവ് പദ്ധതിയാണ് നടപ്പാക്കുന്നത്. പ്രവാസികൾക്ക് നാട്ടിലേക്ക് പോകണമെങ്കിൽ അതിന് അനുവദിക്കും. തൊഴിലുടമയും തൊഴിലാളിയും പരസ്പര ധാരണയിൽ വേതനമില്ലാതെ അവധി എടുക്കുകയും ചെയ്യാം.