വെള്ളറട:കച്ചവടത്തിനായി അന്യസംസ്ഥാനത്തുനിന്നെത്തിയ സംഘത്തെ കുടിവെള്ളം മുട്ടിച്ചും വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തുനിന്ന് ആട്ടിയോടിക്കാനുള്ള ശ്രമം പൊലീസും ഗ്രാമപഞ്ചായത്ത് അധികാരികളും ചേർന്നു തടഞ്ഞു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ പാലിയോട്ടാണ് സംഭവം.

ഫർണിച്ചർ കച്ചവടത്തിനായി ആന്ധ്രപ്രദേശിൽ നിന്ന് രണ്ടു മാസം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ പാലിയോട് എത്തിച്ചേർന്ന സംഘത്തെയാണ് ഇറക്കിവിടാൻ ശ്രമിച്ചത്. കൈക്കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ പതിനഞ്ച് പേരുണ്ട്. തകരഷെഡ്ഡിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ കച്ചവടം നടത്താനോ തിരികെനാട്ടിലേക്കു പോകാനോ കഴിയാത്ത അവസ്ഥയിലായ സംഘം വാടക കൊടുക്കാൻ കഴിയാതെ വലയുകയായിരുന്നു. വാടകകൊടുക്കാത്തതുകാരണം ഷെഡ്ഡിൽ നിന്ന് ഇറക്കിവിടാനുള്ള ഉടമയുടെ ശ്രമം പഞ്ചായത്ത് ഇടപെട്ട് തടഞ്ഞിരുന്നു. തൊട്ടടുത്തദിവസം കുടിവെള്ളം ലഭ്യമാകുന്ന സംവിധാനം തടയുകയും ചെയ്തു. സംഭവം ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിലെത്തുകയും പൊലീസിന്റെ സഹായത്തോടെ സ്ഥലത്തെത്തി കുടിവെള്ളം ലഭിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുകയും വീട്ടുടമ തടഞ്ഞ വെള്ളം പുനസ്ഥാപിക്കുകയും ചെയ്തു. സംഘത്തിന് നാട്ടിലേക്കു മടങ്ങാൻ കഴിയുന്നതുവരെ ഉപയോഗിക്കുന്നതിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എച്ച്.എസ്. അരുൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണവാരിബിനു, പഞ്ചായത്ത് സെക്രട്ടറി ഹരിഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചു.