തിരുവനന്തപുരം: ലോക്ക് ഡൗണിൽ മാലിന്യ നീക്കം തടസപ്പെട്ടതോടെ വീടുകളിൽ മാലിന്യപ്രശ്നം നേരിടുന്നവർക്ക് പരിഹാരമായി നഗരസഭയുടെ കിച്ചൺ ബിന്നുകളെത്തും. ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയാണ് ലോക്ക് ഡൗൺ കാലത്ത് നഗരസഭ നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 1800 രൂപ വിലയുള്ള കിച്ചൺ ബിൻ ആവശ്യക്കാർക്ക് നഗരസഭ സൗജന്യമായി നൽകും. ഇതിനാവശ്യമായ ഇനാക്കുലം ഉൾപ്പെടെ 200 രൂപ പ്രതിമാസം സർവ്വീസ് ചാർജ്ജായി ഈടാക്കുമെന്ന് മാത്രം. വീടുകളിൽ സ്ഥാപിക്കുന്ന മൂന്ന് തട്ടുകളുള്ള കിച്ചൺ ബിൻ യൂണിറ്റ് ഉപയോഗപ്പെടുത്തി അഞ്ചംഗ കുടുംബത്തിന് ശരാശരി രണ്ട് മാസക്കാലത്തെ ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റാക്കാൻ കഴിയും.കിച്ചൺ ബിന്നുകൾ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ നഗരസഭ പുറത്തിറക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രകാരം അജൈവ മാലിന്യങ്ങൾ അതാത് വാർഡുകളിൽ നിശ്ചയിച്ചിട്ടുള്ള സർവ്വീസ് പ്രൊവൈഡർമാർ ശേഖരിക്കും.
കമ്മ്യൂണിറ്റി തലത്തിൽ മാലിന്യ സംസ്‌കരണം നടത്തുന്നതിനായി 54 കേന്ദ്രങ്ങളിൽ തുമ്പൂർമൂഴി എയ്റോബിക് ബിന്നുകളും സ്ഥലപരിമിതിയുള്ള സ്ഥലങ്ങളിൽ 222 പോർട്ടബിൾ എയറോബിക് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി 52 കേന്ദ്രങ്ങളിൽ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്ററുകളും നിലവിലുണ്ട്. ഈ കേന്ദ്രങ്ങളിൽ ആളുകൾക്ക് യാതൊരുവിധ ഫീസും നൽകാതെ സൗജന്യമായി മാലിന്യങ്ങൾ നിക്ഷേപിക്കാം.
കിച്ചൺ ബിൻ ആവശ്യമുള്ളവർക്ക് അതാതു പ്രദേശങ്ങളിലെ സർവ്വീസ് പ്രൊവൈഡർമാർ വീടുകളിലെത്തി കിച്ചൺബിൻ സ്ഥാപിച്ച് മാലിന്യ സംസ്‌കരണ രീതിയെക്കുറിച്ച് പരിചയപ്പെടുത്തും. കിച്ചൺ ബിന്നുകൾ ലഭ്യമാകുന്നതിനായി നഗരസഭയുടെ ശുചിത്വ പരിപാലന സമിതി ഡയറക്ടറെ ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പർ - 9447042070.