വെള്ളറട (തിരുവനന്തപുരം): ജീവൻ രക്ഷാ മരുന്നകൾ എത്തിക്കാനുള്ള മരണപ്പാച്ചിലിലാണ് ഇപ്പോൾ ഫയർ ഫോഴ്സ്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വെള്ളറട ഗ്രാമപഞ്ചായത്തിലെ പുലകിൽക്കോണം വൈശൈഖ് ഭവനിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ തമ്പിയുടെ ഭാര്യ ഗിരിജ കുമാരിക്ക് കൊച്ചിയിൽ നിന്നാണ് മരുന്ന് എത്തിച്ചത്. എഴു വർഷമായി ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ചികിത്സയിലാണ്. ഇവർക്ക് കൊച്ചി എ.എം.ആർ മെഡിക്കൽസിൽ നിന്നാണ് വർഷങ്ങളായി ജീവൻ രക്ഷാ മരുന്ന് വാങ്ങുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എ.എം. ആർ മെഡിക്കൽസിൽ നിന്നു മരുന്നുമായി തിരുവനന്തപുരത്തേക്ക് ഫയർ ഫോഴ്സ് വാഹനം പുറപ്പെട്ടു. ഇന്നലെ രാവിലെ 10 മണിയോടുകൂടി രോഗിയുടെ വീട്ടിൽ നെയ്യാർ ഡാം ഫയർഫോഴ്സ് ഓഫീസിലെ ജീവനക്കാരായ രാജീവ് കുമാർ, രാജശേഖരൻ നായർ, ഗോപകുമാർ, രാജേന്ദ്രൻ എന്നിവർ മരുന്ന് എത്തിച്ചു.
101 വിളിക്കൂ, മരുന്നെത്തും
തിരുവനന്തപുരം: ആവശ്യമായ മരുന്ന് വേണ്ടവർ 101 ഡയൽ ചെയ്തു താമസിക്കുന്ന മേൽവിലാസവും മരുന്നിന്റെ പേരും അറിയിച്ചാൽ അടുത്തുള്ള ഫയർസ്റ്റേഷൻ മുഖേന മരുന്ന് വീടുകളിൽ എത്തിക്കും. ഏതു പ്രദേശത്തും ഫയർഫോഴ്സിന്റെ ഈ സേവനം ലഭിക്കും. കാൻസർ രോഗികൾ, ഹൃദ്രോഗികൾ എന്നിവർക്കുള്ള മരുന്നാണ് കൂടുതലും എത്തിച്ചത്. ഇതുവരെ 2983 വീടുകളിൽ ഫയർ ഫോഴ്സ് മരുന്നുകളെത്തിച്ചു. തിരുവനന്തപുരം ആർ.സി.സിയിൽ നിന്ന് കാസർകോട്ടും കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തും മരുന്ന് എത്തിച്ചു ആശുപത്രികളിലേക്കുള്ള അത്യാവശ്യ സഹായങ്ങളുമൊരുക്കും. ആദിവാസിമേഖലകളിലും സേവനം നൽകുന്നുണ്ട്. ഇതുവരെ 289 ആദിവാസികളെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.