nurses

ജനീവ: കൊവിഡ് പടർന്നുകയറുമ്പോൾ ലോകത്ത് 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്സുമാർ. കൊവിഡിനെതിരായ യുദ്ധത്തിൽ മുന്നണിപോരാളികളാണ് അവരെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പ്രസ്താവനയിൽ പറഞ്ഞു. കണക്കുകൾ പ്രകാരം നിലവിൽ 28 ലക്ഷം നഴ്സുമാരാണ് നമുക്കുള്ളത്. ഏതാനും വർഷങ്ങളിലായി 4.7 ലക്ഷം നഴ്സുമാരുടെ വർദ്ധനയുണ്ടായി എന്നതു വാസ്തവമാണ്.

എന്നിരുന്നാലും 60 ലക്ഷത്തോളം നഴ്സുമാരുടെ കുറവുണ്ട്. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് നഴ്സുമാരുടെ കുറവ് ഏറ്റവും കൂടുതൽ പ്രകടമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയിൽ സ്ത്രീകൾക്ക് ഭൂരിപക്ഷമുള്ള ഈ മേഖലയിലേക്ക് പുരുഷന്മാരും വരണം. നഴ്സുമാരുടെ എണ്ണത്തിൽ വലിയ കുറവുള്ള ദക്ഷിണ പൂർവേഷ്യ, മിഡിൽ ഈസ്റ്റ്, ദക്ഷിണ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ചികിത്സാ പിഴവ്, മരണനിരക്ക് എന്നിവ കൂടുതലാണെന്നും ഗബ്രിയോസിസ് ചൂണ്ടിക്കാട്ടുന്നു.

ലോകജനസംഖ്യയുടെ 50 ശതമാനം പേരെ മാത്രമേ നിലവിലുള്ള നഴ്സുമാർക്ക് പരിചരിക്കാനാവുന്നുള്ളൂ. കൂടുതൽ പേർ ഈ മേഖലയിലേക്ക് കടന്നു വരേണ്ടത് അനിവാര്യമാണ്. നഴ്സുമാരുടെ സേവനം കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമായതിനാൽ നഴ്സിംഗ് മേഖലയിലും നഴ്സിംഗ് വിദ്യാഭ്യാസ മേഖലയിലും കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ രാജ്യങ്ങൾ തയാറാകണമെന്നും ടെഡ്രോസ് അദാനം പറഞ്ഞു.