തിരുവനന്തപുരം: തമലത്തെ വീട്ടിൽ തപസിലെന്ന പോലെ കണ്ണടച്ചിരിക്കുന്ന പെരുമ്പടവം ശ്രീധരന്റെ മനസിൽ കുതിരക്കുളമ്പടിയും വാളുകൾ കൂട്ടിമുട്ടുന്നുതുമെല്ലാം ചേർന്ന യുദ്ധ കാഹളം ഉയർന്നു കേൾക്കുന്നു. ഉടൻ കണ്ണു തുറന്ന് പേനെയെടുത്ത് ആ ദൃശ്യങ്ങൾ പേപ്പറിലേക്ക് പകർത്തും.
ലോകം കൊവിഡിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പണ്ട് ലോകത്തോട് പൊരുതാനായി ഇറങ്ങി തിരിച്ച അലക്സാണ്ടർ ചക്രവർത്തിയെ കുറിച്ചുള്ള നോവലിന്റെ പണിപ്പുരയിലാണ് പെരുമ്പടവം. പേര് 'അശ്വാരൂഢന്റെ വരവ്' ആറേഴു വർഷമായി അലക്സാണ്ടറെ കുറിച്ച് പഠിക്കുകയായിരുന്നു പെരുമ്പടവം. എഴുതാൻ കഴിഞ്ഞില്ല.
ഏകാന്തത അങ്ങേയറ്റം ആസ്വദിക്കുന്ന പെരുമ്പടവത്തിന് കൊവിഡും പിന്നെ ലോക്ക് ഡൗണും വന്നപ്പോൾ സമ്പൂർണ ഏകാന്തത കിട്ടി . മനസ് അപ്പോഴേക്കും എത്തിയത് അലക്സാണ്ടർ ചക്രവർത്തിക്കരികിൽ. പഴയ ചോദ്യം മനസിലുണർന്നു. -
16-ാം വയസുമുതൽ കൈയിലൊരു വാളുമായി കുതിരപ്പുറത്തേറി ലോകം മുഴുവൻ ശവപ്പറമ്പാക്കിയ അലക്സാണ്ടർ ചക്രവർത്തി എങ്ങനെ മഹാനായി? ചിന്തകൾ അതിരുകൾ ഭേദിച്ച് ബാബിലോണിയയിലെത്തി.
അവിടെ വച്ചാണ് അലക്സാണ്ടർ മരിക്കുന്നത്. ആ മുഹൂർത്തങ്ങളിൽ നിന്നാണ് നോവൽ തുടങ്ങുന്നത്.
ബാബിലോണിയൻ കൊട്ടാരത്തിൽ അലക്സാണ്ടർ മരണ ശയ്യയിൽ. പൊള്ളുന്ന പനി. ഒടുവിൽ ഒരാഗ്രഹം. മട്ടുപ്പാവിൽ നിന്ന് ആകാശവും ഭൂമിയും കാണണം. ഭാര്യ വിലക്കുന്നു. അപ്പോഴും നിർബന്ധം... ഇങ്ങനെയാണ് നോവൽ പുരോഗമിക്കുന്നത്.
ഒരു കൊലയാളി എങ്ങനെ മഹാനാകുമെന്ന് എന്നെ വളരെക്കാലമായി അലട്ടിയിരുന്ന ചിന്തയാണ്. ഒടുവിൽ അലക്സാണ്ടറും തിരിച്ചറിയുന്നു 'യുദ്ധം പാപമാണ്'.
അലക്സാണ്ടറിന്റെ മരണകാരണത്തെ കുറിച്ച് ചരിത്രകാരന്മാർക്ക് പല അഭിപ്രായങ്ങളുണ്ട്. നോവലിൽ ഒരു വിരുന്നിൽ പങ്കെടുത്ത് അമിതമായി മദ്യപിച്ചതിനെ തുടർന്നുണ്ടായ പനിയെന്നാണ് വിവരിക്കുന്നതന്ന് പെരുമ്പടവം പറഞ്ഞു. അതിനു മുമ്പ് തന്റെ ഉറ്റചങ്ങാതിയെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
'അവിനിവാഴ്‌വു കിനാവ്' കഷ്ടം പുസ്തകമാകുന്നു
കേരളകൗമുദി ഓണപ്പതിപ്പിൽ പെരുമ്പടവം ശ്രീധരൻ എഴുതിയ 'അവിനിവാഴ്‌വു കിനാവ് കഷ്ടം' എന്ന നോവൽ പുസ്തക രൂപത്തിൽ ഉടനിറങ്ങും. മഹാകവി കുമാരനാശാന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതിയ ഈ നോവൽ പുസ്തക രൂപത്തിലാക്കാനായി ചില മിനുക്കു പണികൾ കൂടി നടത്തി.
ഒടുവിലെത്തിയ പേര്
ഞാൻ നോവൽ എഴുതാൻ ആരംഭിക്കുമ്പോഴേ പേര് അവ്യക്തമായി രൂപപ്പെടും. 'അഭയം' എഴുതാൻ തുടങ്ങുമ്പോൾ അതിന് എന്ത് പേരിടണമെന്നറിയില്ല. അഭയത്തിലെ പെൺകുട്ടി അവസാനം ആത്മഹത്യ ചെയ്യുകയാണ്.
''പുഴയുടെ വിള്ളലിൽ അവൾ അവളെ എറിഞ്ഞു'' എന്ന് എഴുതി കഴിഞ്ഞപ്പോഴേക്കും എനിക്ക് 'അഭയം' എന്ന പേരു കിട്ടിക്കഴിഞ്ഞു.
''ഈ ഏകാന്തതയെ സർഗാത്മമാക്കി തീർക്കുക എന്ന തീരുമാനമാണ് നോവൽ രചനയിലേക്ക് എത്തിച്ചത്.
മനുഷ്യരെല്ലാം ഭീതിയിലാണ്. ലോകത്ത് ഒരാൾ രോഗം കാരണം മരിക്കുന്നത്
അയാളുടെ കുറ്റം കൊണ്ടല്ല''
- പെരുമ്പടവം ശ്രീധരൻ