ആറ്റിങ്ങൽ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോൾ അതിന്റെ ഭാഗമായി നിരവധിപ്പേരാണ് അഹോരാത്രം പ്രയത്നിക്കുന്നത്. അവശത മറന്ന് ആരോഗ്യ പ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമായി മാറിയ മുദാക്കൽ ചെമ്പൂര് പുണർതത്തിൽ മണി അങ്ങനെയുള്ളവരുടെ മാതൃകയാണ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എക്റേ അസിസ്റ്റന്റാണ് മണി. പോളിയോ ബാധിതനായ മണിക്ക് അരയ്‌ക്ക് താഴെ ചലനശേഷി കുറവാണ്. എന്നാൽ കൊവിഡ് ഭീഷണിയിൽ നാട് പതറുമ്പോൾ വീട്ടിലിരിക്കാൻ മണിക്ക് കഴിയുന്നില്ല. ലോക്ക് ഡൗൺ കാലത്ത് ഒരു ദിവസം പൂർണമായി ജോലി ചെയ്‌താൽ അടുത്ത ദിവസം പൂർണമായി അവധിയെടുക്കാം. എന്നാൽ ഈ സാഹചര്യത്തിൽ ജനസേവനമാണ് മുഖ്യമെന്നു കണ്ടാണ് മണി അവധിയെടുക്കാതെ ജോലിചെയ്യാൻ തീരുമാനിച്ചത്.
വൈകല്യത്തെ മറികടന്ന നിശ്ചയദാർഢ്യം
----------------------------------------------------------------------------
മൂന്നാമത്തെ വയസിൽ പോളിയോ ബാധയെത്തുടർന്നാണ് മണിക്ക് അരയ്ക്കു താഴെ തളർന്നുപോയത്. എന്നിട്ടും പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച മണി ഡിഗ്രി പൂർത്തിയാക്കി. ജീവിക്കാനായി ആദ്യം ഓട്ടോ ഡ്രൈവറായി. അപ്പോഴാണ് എംപ്ലോയ്മെന്റിൽ നിന്നും ആരോഗ്യ വകുപ്പിൽ അറ്റൻഡറായി താത്കാലിക നിയമനം ലഭിച്ചത്. ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് ജോലി ലഭിച്ചത്. സ്നേഹം കൊണ്ട് എല്ലാവരെയും മാറ്റിയെടുക്കാമെന്ന് പഠിച്ചത് അവിടെ നിന്നുമാണ്. പിന്നിട് ജോലി സ്ഥിരമായി. തിരുവനന്തപുരം മെഡിക്കൽ കോളേജ്, തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിൽ മണി ജോലി നോക്കിയിട്ടുണ്ട്. മിനിയാണ് ഭാര്യ, അരുണിമ, അനുരാഗ് ( റേഡിയോഗ്രാഫർ) എന്നിവർ മക്കളാണ്.