covid

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹിയിൽ ചികിത്സയിലായിരുന്ന 82 കാരൻ ആശുപത്രിവിട്ടു. ലോക് നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ ഇന്നാണ് അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. പുതിയ ജീവിതം ലഭിച്ചതിന് തുല്യമാണിതെന്ന് അദ്ദേഹം പറഞ്ഞത് " രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ പറയുന്നത് കേൾക്കുക. നിങ്ങൾക്ക് ശക്തമായ ഇച്ഛാശക്തിയുണ്ടെന്ന് ഉറപ്പാക്കുക. മനോവീര്യം ഉയർത്തിപ്പിടിക്കുക- അദ്ദേഹം പറഞ്ഞു.

ദക്ഷിണ ഡൽഹിയിൽ താമസിക്കുന്ന 82-കാരനെ ഇൗ മാസം ഒന്നിനാണ് കൊറോണയെതുടർന്ന് ആശുപത്രിയിലാക്കിയത്. ഉയർന്ന രക്തസമ്മർദ്ദവും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്ന അദ്ദേഹം രണ്ടുദിവസം തീവ്രപരിചരണ യൂണിറ്റിലായിരുന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിൽ പതിനാലുദിവസം നിരീക്ഷണത്തിൽ കഴിയണം.