തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ അടുത്ത ഗഡു ഇന്നു മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലെത്തും. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസത്തെ കുടിശികയും മാർച്ച് മാസത്തെ പെൻഷനും ഏപ്രിലിലെ പെൻഷൻ മുൻകൂറായുമാണ് നൽകുന്നത്. ഏപ്രിൽ മുതൽ പെൻഷൻ 100 രൂപ വർദ്ധിപ്പിച്ചതിനാൽ ഒരാൾക്ക് 6100 രൂപ കിട്ടും. കഴിഞ്ഞ ആഴ്ചയാണ് ഒക്ടോബർ, നവംബർ മാസത്തെ കുടിശിക നൽകിയത്. സംസ്ഥാനത്ത് 55 ലക്ഷത്തോളം പേർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നത്. ഇതിൽ പകുതിയോളം പേർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും മറ്റുള്ളവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലും പെൻഷൻ എത്തും. അക്കൗണ്ടിലുള്ള പണം ബാങ്കുകൾ വഴിയോ എ.ടി.എമ്മിലൂടെയോ പിൻവലിക്കാം. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് പോസ്റ്ര് ഓഫീസിൽ അറിയിച്ചാൽ പണം നേരിട്ട് വീട്ടിലെത്തിക്കും. ചില ബാങ്കുകൾ പരമാവധി 5000 രൂപ മാത്രമേ പിൻവലിക്കാൻ അനുവദിക്കുകയുളളൂ . എന്നാൽ മറ്ര് ചില ബാങ്കുകൾ എ.ഇ.പി.എസ് വഴി 10,000 രൂപ വരെ പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്.
ലോട്ടറിക്കാർക്ക് 1000 രൂപ കൂടി നൽകിയേക്കും
സംസ്ഥാനത്തെ 50,000ൽ അധികം വരുന്ന ലോട്ടറി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് ലോക്ക് ഡൗൺ പ്രമാണിച്ച് 1000 രൂപ കൂടി നൽകിയേക്കും. കഴിഞ്ഞ മാസം ഇവർക്ക് ക്ഷേമനിധിയിൽ നിന്ന് 1000 രൂപ വീതം നൽകിയിരുന്നു. ക്ഷേമനിധി അംഗങ്ങളായ 2400 പേർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നുണ്ട്. ഇതിന്റെ വിതരണം പൂർത്തിയായാലുടൻ എല്ലാവർക്കും 1000 രൂപ അനുവദിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അറിയിച്ചു.