കോവളം: ലോക്ക് ഡൗൺ കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണമെന്ന് സജുവിനെ കണ്ട് പഠിക്കണം. അപ്രതീക്ഷിതമായി വീണുകിട്ടിയ സമയം ആടുവളർത്തലിനായി മാറ്റിവച്ചിരിക്കുകയാണ് വെങ്ങാനൂർ വി.പി.എച്ച്.എസ്.എസിലെ റിട്ട. ഉദ്യോഗസ്ഥൻ. കുറഞ്ഞ മുതൽമുടക്കും പരിപാലന ചെലവും വിപണയിലെ ഉയർന്ന മൂല്യവും ആടുവളർത്തലിലെ പ്രധാന ഘടകങ്ങളെന്നാണ് അമ്പത്തിയെട്ടുകാരനായ സജു പറയുന്നത്. 45 സെന്റ് ഭൂമിയിൽ ആടിനെ കൂടാതെ പശു, താറാവ്, കോഴി എന്നിവയുമുണ്ട്. ചെറിയ മുതൽമുടക്കും നീക്കിവയ്ക്കാൻ കുറച്ചു സമയവുമുണ്ടെങ്കിൽ ആർക്കും ആടുവളർത്തലിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാനാവുമെന്നാണ് സജുവിന്റെ പക്ഷം. നാടൻ ഇനങ്ങൾ, മലബാറി ക്രോസ് തുടങ്ങിയ 50 ആടുകളാണ് ഇവിടെയുള്ളത്. വീടിന് സമീപം പ്രത്യേകം തയാറാക്കിയ ഷെഡിൽ ഒരു തട്ട് പണിതാണ് കൂടൊരുക്കിയിരിക്കുന്നത്.
കാഷ്ഠം താഴെ വീഴുന്ന രീതിയിലാണ് തട്ട് ക്രമീകരിച്ചിരിക്കുന്നത്. ഇത് പിന്നീട് വളമായും ഉപയോഗിക്കും.12 പശുക്കളെ വളർത്തുന്നതിലൂടെ വീടിനാവശ്യമായ ബയോഗ്യാസ് ലഭിക്കുന്നുണ്ട്. വാഴ, ചേമ്പ്, കത്തിരി, വഴുതന, ചീര, വെണ്ട, ചേന, കാച്ചിൽ, പാവൽ, പയർ, മുളക്, ബീൻസ്, പയർ, തക്കാളി എന്നിവയും വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നു. കൃഷിയിടത്തിൽ കീടനാശിനികൾക്ക് പകരം ഗോമൂത്രം വെള്ളം ചേർത്ത് തളിക്കുന്നതും ഉത്തമം. വെങ്ങാനൂർ നെൽകൃഷി ഗ്രൂപ്പ് ഫാമിംഗ് സമിതി സെക്രട്ടറിയായിരുന്ന സജുകുമാർ ഈറോഡ്, കോയമ്പത്തൂർ, ഊട്ടി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാരിന്റെ വിവിധ സെമിനാറുകളിൽ ആട് വളർത്തൽ രസകരമാക്കാം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ആട് വളർത്തലിന് പിന്തുണയുമായി ഭാര്യ ശോഭനയും മൃഗഡോക്ടറായ മകൻ അനന്ദു എസ്.കൃഷ്ണനും മകൾ അനുപമ എസ്.കൃഷ്ണയും ഒപ്പമുള്ളത് ഇരട്ടി മധുരമാണെന്നും സജു.
പ്ലാവ്, മുരിങ്ങ, വേങ്ങ തുടങ്ങിയവയുടെ ഇലകളും തീറ്റപ്പുല്ല് (ഗിനി, പാര, സിഒ– 3), വാഴയില എന്നിവയും നൽകാം. ഇവ ഉയരത്തിൽ കെട്ടിയിട്ടു നൽകുന്നതാണ് നല്ലത്. ഇതിനു പുറമേ കാലിത്തീറ്റയും നൽകാം.
ആടുകൾക്ക് അവയുടെ ശരീര തൂക്കത്തിന്റെ 5-7 ശതമാനം എന്ന തോതിൽ ഈർപ്പരഹിത അടിസ്ഥാനത്തിൽ ഭക്ഷണം കഴിക്കാനുള്ള കഴിവുണ്ട്. പ്രായപൂർത്തിയായ ഒരു ആടിന് ദിനംപ്രതി 3-5 കിലോ പച്ചപ്പുല്ലോ, 2-3 കിലോ പച്ചിലയോ പരുഷാഹാരമായി നൽകണം.