pet-animals-

കറാച്ചി: നായ, പൂച്ച, മുയൽ ഉൾപ്പെടെ നൂറുകണക്കിന് വളർത്തുജീവികളുടെ മൃതദേഹങ്ങൾ പാകിസ്ഥാനിലെ പെറ്റ് മാർക്കറ്റുകളിൽ കണ്ടെത്തി. രാജ്യത്ത് ലോക്ക്ഡൗൺ തുടരുന്നതിനാൽ പെറ്റ് മാർക്കറ്റുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. അവശ്യ സാധനങ്ങൾ വില്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്.

ആനിമൽ റെസ്ക്യൂ ആക്ടിവിസ്റ്റുകൾ നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് അധികൃതർ പരിശോധനയ്ക്ക് തയാറായത്. രണ്ടാഴ്ചയായി തുടരുന്ന ലോക്ക്ഡൗണിനിടെ ഇത്തരത്തിൽ പെറ്റ് മാർക്കറ്റുകളിലെ കൂട്ടിൽ ഭക്ഷണവും വെള്ളവും കിട്ടാതെ 70 ശതമാനം വളർത്തുമൃഗങ്ങളും ചത്തതായി ഇവർ പറയുന്നു.

കറാച്ചിയിലെ രക്ഷാപ്രവർത്തിനെത്തിയവർ കണ്ടത് കൂടുകൾക്കുള്ളിൽ വിശന്ന് കരയുന്ന വളർത്തുമൃഗങ്ങളെയാണ്. ഭൂരിഭാഗം ജീവികളും ചത്തനിലയിലായിരുന്നു. ഡസൻ കണക്കിന് വളർത്തുമൃഗങ്ങളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആനിമൽ റെസ്ക്യൂ വോളന്റിയർമാർ രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് ഇത്തരം ജീവികൾക്ക് ഭക്ഷണമെത്തിക്കാൻ കടയുടമകൾക്കും ആനിമൽ റെസ്ക്യൂ വോളന്റിയർമാക്കും അനുവാദം നൽകിയിട്ടുണ്ട്. അതേസമയം, ചില കടയുടമകൾ രാത്രിയെത്തി വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ടായിരുന്നു. കിഴക്കൻ ലാഹോറിലും മാർക്കറ്റുകളിൽ വളർത്തുമൃഗങ്ങൾ ദുരിത ജീവിതത്തിലാണ്. 20 ഓളം നായകളുടെ മൃതദേഹങ്ങളാണ് ഇവിടെ ഒരു മാർക്കറ്റിന് സമീപം അഴുക്ക്ചാലിൽ കണ്ടെത്തിയത്. പാകിസ്ഥാനിൽ ഇതേവരെ 4,035 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 57 പേർ രാജ്യത്ത് മരിച്ചു.