kodityjkl

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ സങ്കുചിതവും അപക്വവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

നാട് ഒറ്റക്കെട്ടായി മഹാമാരിയെ നേരിടുമ്പോൾ ആ ഐക്യത്തെ തകർക്കാനുള്ള വൃഥാമോഹം കേരളീയർ തിരിച്ചറിയും. കൊവിഡിനെ നേരിടുന്നതിൽ ലോകത്തിന്റെ തന്നെ അഭിനന്ദനത്തിന് അർഹമായ പ്രവർത്തനമാണ് പിണറായി സർക്കാർ നടത്തുന്നത്. വികസിത രാജ്യങ്ങളിൽ അനിയന്ത്രിതമായി മരണനിരക്ക് ഉയർന്നപ്പോൾ, ഇവിടെ രോഗവ്യാപനം പിടിച്ചു നിറുത്താനായി. രാജ്യത്ത് ആദ്യമായി സാമ്പത്തിക പാക്കേജും, ലോക്ക് ഡൗണും പ്രഖ്യാപിച്ചതും കേരളമാണ്. ഒരാളും പട്ടിണി കിടക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാർ തെരുവു നായ്ക്കൾക്കും കുരങ്ങൻമാർക്കും വരെ ഭക്ഷണം ഉറപ്പാക്കി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് ഇതിലൂടെ സംസ്ഥാന സർക്കാരിന് ലഭിച്ചത്. സുപ്രീം കോടതി പല ഘട്ടങ്ങളിലും കേരള സർക്കാരിനെ അഭിനന്ദിച്ചു. കേരളം അടച്ചിടരുതെന്നും അമേരിക്കൻ മാതൃകയാണ് പിന്തുടരേണ്ടതെന്നുമുള്ള പ്രതിപക്ഷനേതാവിന്റെ നിയമസഭയിലെ ഉപദേശം സ്വീകരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ഇത്ര അപക്വമായി പ്രശ്നങ്ങളെ സമീപിക്കുന്ന പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും കേരളത്തിന്റെ ചരിത്രത്തിലാദ്യമാണെന്നും കോടിയേരി പറഞ്ഞു.