തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം തിരക്കൊഴിഞ്ഞ റോഡുകളും ഇടവഴികളും തെരുവ് നായ്‌ക്കളുടെ വിഹാര കേന്ദ്രമായതോടെ ആശങ്കയിലായി സമീപവാസികൾ. പേട്ട മേഖലയിലെ വിവിധ റസിഡന്റ്‌സ് അസോസിയേഷൻ പരിധിയിലുള്ളവരാണ് തെരുവ് നായ്‌ക്കളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്നത്. ചായക്കുടി റസിഡന്റ്‌സ് അസോസിയേഷൻ മേഖലയിലാണ് തെരുവ് നായ്‌ക്കളുടെ ശല്യം കൂടുതൽ. മൃഗങ്ങളിൽ നിന്നും കൊവിഡ് പകരുമെന്ന വാർത്ത അറിഞ്ഞതോടെയാണ് സമീപവാസികൾ ഭയപ്പാടിലായത്. വളർത്തുനായ്ക്കളെ തുറന്നുവിട്ട് മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കണമെന്നും തെരുവ് നായ്‌ക്കളുടെ ശല്യം ഇല്ലാതാക്കാൻ നഗരസഭാ അധികൃതർ നടപടിയെടുക്കണമെന്നും ചായക്കുടി റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി നിഷാ ദയാൽ ആവശ്യപ്പെട്ടു.