തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ധനസമാഹരണത്തിന്റെ മറവിൽ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വർഷത്തേക്ക് മരവിപ്പിച്ചത് രാജ്യത്തിന്റെ ഫെഡറൽതത്വങ്ങൾക്ക് നിരക്കാത്തതാണെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തികസഹായം അസന്തുലിതവും വിവേചനപരവുമാണെന്ന ആക്ഷേപമുണ്ട്. കേരളത്തിന് ലഭിച്ച തുക തികച്ചും അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ എം.പിമാരുടെ ഫണ്ട് കൊവിഡ് പ്രതിരോധത്തിന് വിനിയോഗിക്കുക പ്രധാനമാണ്. അതിനുള്ള ഇടപെടൽ ചില എം.പിമാർ തുടങ്ങുകയുമുണ്ടായി. അതെല്ലാം കേന്ദ്ര ഇടപെടൽ മൂലം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. എം.പിമാരുടെ ഫണ്ട് അതത് മണ്ഡലങ്ങളിലുള്ള ജനങ്ങൾക്ക് അർഹതപ്പെട്ടതാണ്. അത് സർക്കാരിന്റെ വിഭവസമാഹരണത്തിന്റെ ഭാഗമാക്കുന്നത് ന്യായമല്ല. പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധി പ്രതിരോധം എന്നിവയിലെല്ലാം ഫലപ്രദമായ ഇടപെടലുണ്ടാവുന്നത് വികേന്ദ്രീകൃതമായി പ്രാദേശികതലത്തിലാണ്. കൊവിഡ് പ്രതിരോധത്തിൽ താഴെ തട്ടിൽ പ്രധാന ചുമതലകൾ വഹിക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. പ്രാദേശികമായി ചെയ്യേണ്ട പല പ്രവൃത്തികൾക്കും മുൻഗണന നൽകേണ്ടി വരുമ്പോൾ ഫണ്ടിന്റെ അടിയന്തര ആവശ്യമുണ്ടാകും. എം.പിമാരുടെ സഹായം അതിനുപകരിക്കും. പൂർണമായും കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ പ്രാദേശികമായി വിനിയോഗിക്കാൻ നിർദ്ദേശം നൽകുകയാണ് വേണ്ടത്.
എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് ആരോഗ്യസേവന ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ അനുമതി നൽകി ധനവകുപ്പ് ഉത്തരവായിട്ടുണ്ട്.
വി.എസ്. അച്യുതാനന്ദൻ, പി.ജെ. ജോസഫ്, രാജു എബ്രഹാം, പി.ടി. തോമസ്, വി.എസ്. ശിവകുമാർ, മോൻസ് ജോസഫ് എന്നീ എം.എൽ.എമാർ ആസ്തിവികസന ഫണ്ടിൽ നിന്ന് സ്വന്തം മണ്ഡലങ്ങളിലെ ആശുപത്രികളിൽ അനുവദിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മരുന്നുകൾ, വെന്റിലേറ്റർ, ആംബുലൻസ്, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇതുപയോഗിക്കാം. ഇതിന് മുൻകൈയെടുത്ത എം.എൽ.എമാരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.