തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഞായറാഴ്ചകളിൽ മൊബൈൽ ഫോൺ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ മോട്ടോർവാഹന വർക്ക്ഷോപ്പുകളും തുറക്കാൻ സർക്കാർ അനുമതി നൽകി. ഇൗ ആഴ്ച മുതൽ ഇത് നിലവിൽ വരും. വർക്ക് ഷോപ്പുകൾ തുറക്കുന്ന ദിവസങ്ങളിൽ ആട്ടോമൊബൈൽ സ്പെയർപാർട്സ് ഷോപ്പുകൾക്കും തുറക്കാം. കൂടാതെ ഫാൻ, എ.സി. വിൽപന,റിപ്പയർ ഷോപ്പുകൾക്ക് ആഴ്ചയിലൊരിക്കൽ തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാർബർഷോപ്പുകൾക്കും ഒരുദിവസം അനുമതി നൽകുന്നത് പരിഗണനയിലുണ്ട്. ഇലക്‌ട്രീഷ്യൻമാർക്ക് ജോലിക്ക് പോകാനും ഫ്ളാറ്റുകളിലെ കേന്ദ്രീകൃത സംവിധാനങ്ങളിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാനും അനുമതിയുണ്ട്. വീട്ടിൽ കഴിയുന്ന കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചുനൽകാൻ ലൈബ്രറികൾക്കും അനുമതി നൽകി.