pinarayi

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ജീവനക്കാർക്കെല്ലാം മാർച്ച് മാസത്തെ പൂർണ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 17 കോടിരൂപ അനുവദിച്ചു.13760 ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് അടിയന്തരസഹായം നൽകാൻ 5കോടിരൂപ അനുവദിച്ചു. കൂടാതെ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് ശമ്പളത്തിന് അർഹതയുള്ള ജീവനക്കാർക്ക് 10000 രൂപയും നൽകും. ബി,സി,ഡി ക്ഷേത്രങ്ങളിലെ ജീവനക്കാർക്കും വരുമാനം കുറഞ്ഞ എ ഗ്രേഡ് ക്ഷേത്രങ്ങളിലെജീവനക്കാർക്കും 2500 രൂപ വീതം നൽകും. ഉത്തരമലബാറിലെ അന്തിതിരിയൻമാർ, കോലധികാരികൾ, കാവുകളിലെ ആചാരസ്ഥാനീയർ തുടങ്ങിയവർക്ക് 3600 രൂപ വീതവും നൽകും. സാക്ഷരതാപ്രേരക്മാർക്ക് സാക്ഷരതാഫണ്ടിൽ നിന്ന് ഇൗമാസത്തെ ഒാണറേറിയം നൽകും. രണ്ടാം ലോകമഹായുദ്ധത്തിലെ വീരജവാന്മാരുടെ വിധവകൾക്കുള്ള പെൻഷൻ മുടങ്ങിയതടക്കം നൽകും. മൺപത്ര തൊഴിലാളികൾക്ക് മണ്ണ് എടുക്കാനുള്ള അനുമതി നൽകി. മറ്റ് അസംഘടിത തൊഴിലാളികൾക്ക് കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസ് പരിരക്ഷ നൽകാൻ അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.