തിരുവനന്തപുരം:ലോക്ക്ഡൗൺ വിലക്കുകൾ പാലിക്കാത്തവർക്കെതിരെ നടപടി തുടർന്ന് സിറ്റി പൊലീസ്. 148 പേർക്കെതിരെ ഇന്നലെ കേസെടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം127 പേർക്കെതിരെയും അനാവശ്യയാത്ര ചെയ്തതിന് 21 പേർക്കെതിരെയുമാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കൂടുതൽ കേസുകൾ എടുത്തത് ഫോർട്ട്,കോവളം,വലിയതുറ എന്നീ
പൊലീസ് സ്റ്റേഷനുകളിലാണ്. 97 വാഹനങ്ങൾ പിടിച്ചെടുത്തു. 90 ഇരുചക്ര വാഹനങ്ങളും 7 ആട്ടോറിക്ഷകളുമാണ്
പിടിച്ചെടുത്തത്. സിറ്റി പൊലീസിന്റെ 'റോഡ് വിജിൽ ആപ്പ്' വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകൾ നടത്തിയ കൂടുതൽ പേരും പിടിയിലായത്. രോഗവ്യാപനം തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ കടകൾക്ക് മുന്നിൽ
പ്രദർശിപ്പിച്ചു. നഗരത്തിലെ വിവിധ റസിഡന്റ്സ് അസോസിയേഷനിലെ 100 അംഗങ്ങളുമായി ഇന്നലെയും സിറ്റി പൊലീസ് കമ്മിഷണർ വീഡിയോ കോൺഫറൻസ് നടത്തി. അത്യാവശ്യ സാധനങ്ങൾ നാലഞ്ചു ദിവസത്തേക്കുള്ളത് ഒരുമിച്ച് വാങ്ങിവയ്ക്കാൻ ശ്രമിക്കുക. ദിവസേന പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ദുഃഖവെള്ളി, ഈസ്റ്റർ, വിഷു ആഘോഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പോകരുതെന്നും കമ്മിഷണർ അറിയിച്ചു. സർക്കാർ നിർദേശങ്ങൾ ആരാധനാലയങ്ങളും പാലിക്കണം. ഓരോ സ്റ്റേഷൻ പരിധിയിലും റസിഡന്റ്സ് അസോസിയേഷനുകളുമായി വീഡിയോ കോൺഫറൻസ് നടത്താൻ എല്ലാ എസ്.എച്ച്.ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്.