തിരുവനന്തപുരം: ഓരോ ജില്ലയിലെയും കൊവിഡ് വ്യാപനത്തിന്റെ തോതുനോക്കി മൂന്ന് ഘട്ടമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിക്കാമെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച കർമ്മസമിതി സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശിച്ചു. മൂന്ന് ഘട്ടങ്ങളിലും കർശനനിയന്ത്രണം തുടരണം. ആവശ്യമെങ്കിൽ വീണ്ടുമൊരു ലോക്ഡൗണിന് കൂടി ജനം തയാറാകേണ്ടി വരുമെന്നും സൂചനയുണ്ട്. കെ.എ എബ്രഹം അദ്ധ്യക്ഷനായ പതിനേഴംഗ സമിതിയാണ് റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിന് സമർപ്പിച്ചത്.
ഇളവ് ഒന്നാം ഘട്ടം:
1ഒരുസമയത്ത് ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രം പരമാവധി മൂന്ന് മണിക്കൂർ നേരം പുറത്ത് പോകാം.
3.രോഗങ്ങളുള്ള 65 വയസ്സിന് മേൽ പ്രായമുള്ളവർ പുറത്ത് പോകരുത്.
4ഒറ്റ, ഇരട്ട അക്ക രജിസ്ട്രേഷൻ നമ്പരുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പുറത്തുപോകാം. ഞായറാഴ്ച വാഹനങ്ങൾ പാടില്ല.
5.പൊതുസ്ഥലത്ത് പരമാവധി അഞ്ച് പേർ. ആരാധനാലയങ്ങൾ അടച്ചിടണം. വിവാഹത്തിനും ശവസംസ്കാരത്തിനും പത്ത് പേർ മാത്രം.
6. വിമാനം, ട്രെയിൻ ഗതാഗതം പാടില്ല. ശീതീകരിച്ച സൂപ്പർമാർക്കറ്റ് മാളുകൾ, തിയേറ്റർ, ബാർ, ശീതീകരിച്ച ഓഡിറ്റോറിയം എന്നിവ അടച്ചിടണം.
7.സ്വർണം, തുണി, ഇലക്ട്രോണിക്സ്, ഫാൻസി കടകൾ തുറക്കരുത്.
രണ്ടാം ഘട്ടം
1.14 ദിവസത്തിനുള്ളിൽ ഒരു പുതിയ കേസിൽ കൂടുതൽ റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ.
2. ക്വാറന്റൈനിലുള്ളവർ അഞ്ച് ശതമാനത്തിൽ അധികരിക്കരുത്. ഹോട്ട് സ്പോട്ടും പാടില്ല.
3.ഓട്ടോറിക്ഷകളും ടാക്സികളും പരിമിതമായി ഓടാം. 4.ബസുകൾക്ക് ഹ്രസ്വദൂരയാത്ര.
5.ഇടത്തരം, ചെറുകിട സ്ഥാപനങ്ങൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. തൊഴിലുറപ്പ് പദ്ധതിയുമാകാം.
6.വിവാഹം, മരണാനന്തരചടങ്ങുകൾക്ക് 20 പേർ.
മൂന്നാം ഘട്ടം
1 രണ്ടാഴ്ചക്കാലം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലകൾ.
2.ക്വാറന്റൈനിലുള്ളവരുടെ എണ്ണം അഞ്ച് ശതമാനത്തിൽ താഴെയാകണം.
3. കുറച്ച് യാത്രക്കാരോടെ ജില്ലാന്തര ബസ് സർവീസ്. പകുതി യാത്രക്കാരുമായി ആഭ്യന്തര വിമാനസർവീസ്.
ഇന്റർനാഷണൽ ഫ്ലൈറ്റ് പാടില്ല.
4. സ്കൂൾ, സർവകലാശാലാ പരീക്ഷകൾ എന്നിവ നിയന്ത്രണങ്ങളോടെയാകാം. കടകളും മാളുകളും ഹോസ്റ്റലുകളും ഹോംസ്റ്റേയും തുറക്കാം.
5. മതപരമായ ചടങ്ങിന് ആൾക്കൂട്ടം പാടില്ല. വിവാഹത്തിനും പൊതുയോഗങ്ങൾക്കും നിയന്ത്രണം.
6.പ്രവാസി മലയാളികളെ പ്രോട്ടോകോൾ പാലിച്ചെത്തിക്കാം. രോഗമുള്ളവർ ആശുപത്രിയിലേക്ക് മാറുക, അല്ലാത്തവർ ഹോം ക്വാറന്റൈനിൽ പോകുക