cm

തിരുവനന്തപുരം: പ്രവാസി പ്രമുഖരുമായി താൻ നടത്തിയ ചർച്ച പ്രഹസനമാണെന്നും അതിസമ്പന്നരുമായിട്ടായിരുന്നു ചർച്ചയെന്നുമുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ അവജ്ഞയോടെ തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീഡിയോകോൺഫറൻസിൽ പങ്കെടുത്ത ചിലരുടെ പേരുകളും മുഖ്യമന്ത്രി വായിച്ചു.

ഇതാണ് സാക്ഷാൽ മുല്ലപ്പള്ളി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കാലമെത്ര മാറിയാലും ചിലയാളുകൾ ഒരു തരത്തിലും മാറില്ലെന്നതിന്റെ ഉദാഹരണമാണിത്. കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ കോൺഗ്രസിന്റെ ശബ്ദമാണല്ലോ ഇദ്ദേഹത്തിന്റെ നാവിലൂടെ പുറത്തുവരേണ്ടത്. ഇദ്ദേഹം കഥയറിയാതെ ആട്ടം കാണുകയാണ്.

പ്രവാസി സ്‌നേഹിതർക്ക് കരുതലേകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശത്തുള്ള പ്രമുഖരുമായി വീഡിയോ കോൺഫറൻസ് നടത്തിയത്. അതിനെപ്പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെക്കുറിച്ച് എന്താണ് പറയേണ്ടത്?. ഓരോ പ്രദേശത്തെയും പ്രവാസികൾ അധിവസിക്കുന്ന സ്ഥലങ്ങൾ, ലേബർ ക്യാമ്പുകൾ, ഫ്ളാറ്റുകൾ, വില്ലകൾ എന്നിവിടങ്ങളിൽ കഴിയുന്നവരിൽ രോഗം പിടിപെട്ടവർ, ആശുപത്രികളിലും നിരീക്ഷണത്തിലും കഴിയുന്നവർ, രോഗലക്ഷണങ്ങളുള്ളവർ, എന്നിവരെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാനാണ് ആവശ്യപ്പെട്ടത്. ഐസൊലേഷനിൽ കഴിയേണ്ടവർക്ക് സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതിനും അവിടത്തെ ആരോഗ്യ പ്രോട്ടോകോൾ അനുസരിച്ച് വൈദ്യസഹായവും ഭക്ഷണവും ലഭ്യമാക്കുന്നതിനും കൺട്രോൾ റൂം ഒരുക്കണമെന്നും ആവശ്യപ്പെട്ടു... ഇതിനെ ആക്ഷേപിക്കാൻ മാത്രം ഇടുങ്ങിയ മന:സ്ഥിതി ദുരന്ത മുഖത്തെങ്കിലും ഒഴിവാക്കാമായിരുന്നു.

' ഒരു കാര്യം വ്യക്തമാക്കാം. അത് മുല്ലപ്പള്ളി രാമചന്ദ്രനോടും കൂടിയാണ്. നിങ്ങളുടെ വിമർശനം കേട്ട് കേരളത്തെ ലോക കേരളമായിക്കാണുന്ന, മുഴുവൻ പ്രവാസികളെയും ഉൾക്കൊള്ളുന്ന നയം തിരുത്താൻ പോകുന്നില്ല. നമ്മൾ എത്ര മാത്രം കേരളീയരാണോ അത്ര മാത്രമോ, അതിൽ കൂടുതലോ കേരളീയരാണ് നമ്മുടെ പ്രവാസി സഹോദരങ്ങളും ' -മുഖ്യമന്ത്രി പറഞ്ഞു.