തിരുവനന്തപുരം: കൊവിഡ് കാലത്ത് പൊതു വിപണിയിൽ വില വർദ്ധന തടയാൻ ഇടപെടേണ്ട സപ്ലൈകോ ഇന്നലെ അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ചു. സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടിയില്ലെന്നാണ് ന്യായീകരണം . ചെറുപയർ വില കിലോയ്ക്ക് 90 ആയിരുന്നത്. ഇന്നലെ 98 രൂപയായി. 114 രൂപയായിരുന്ന പ്രീമിയം ചെറുപയർ വില 124 ലേക്ക് ഉയർന്നു. 92 രൂപയായിരുന്ന ഉഴുന്ന് 95 രൂപയായി. കടല 56 ൽ നിന്ന് 61 ലെത്തി. മുളകിന് 3 രൂപയും, കുറുവ അരിക്ക് 5 രൂപയുമാണ് വർദ്ധിച്ചത്.
എന്നാലിത് സാധാരണ നടപടി മാത്രമാണെന്ന് സി.എം.ഡി. പി. എം. അലി അസ്ഗർ പാഷ അറിയിച്ചു. എല്ലാമാസവും ഇ ടെൻഡർ മുഖേന വാങ്ങുന്ന 38 ഇനം ഭക്ഷ്യവസ്തുക്കൾക്ക് വാങ്ങൽ വിലയുടെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കാറുണ്ട്. ഈ വിധത്തിൽ കഴിഞ്ഞ മാർച്ച് മാസം അവസാന വാരത്തെ ഈ ടെൻഡറിൽ വാങ്ങിയ സാധനങ്ങളിൽ 7 ഇനങ്ങൾക്ക് വാങ്ങൽ വിലയുടെ അടിസ്ഥാനത്തിൽ ചില്ലറ വിൽപന വിലയിൽ മാറ്റം വരുത്തിയതാണെന്നും അദ്ദേഹം അറിയിച്ചു.