തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിയ എസ്.എസ്.എൽ.സി ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും പരീക്ഷയിലും സ്കൂൾ തുറക്കലിലും അന്തിമ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
കൊവിഡിൽ അക്കാദമിക് കലണ്ടറാകെ താളം തെറ്റിയിരുന്നു. പരീക്ഷകളെല്ലാം തീർന്ന് മധ്യവേനവലധിയും മൂല്യനിർണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷകളാണ് ബാക്കിയുള്ളത്. കൊവിഡ് മൂലം സി.ബി.എസ്.ഇ പരീക്ഷ മാറ്റിയിട്ടും കേരളം ഒരു ദിവസം കൂടി പരീക്ഷ നടത്തിയിരുന്നു. പിന്നെയാണ് എല്ലാം നീട്ടിവച്ചത്. ലോക്ക് ഡൗണിലെ ഇളവനുസരിച്ച് മാത്രമാണ് ഇനി തീരുമാനം ഉണ്ടാകുക.
ലോക്ക് ഡൗണിൽ പരീക്ഷാനടത്തിപ്പിന് മാത്രം മൂന്ന് ദിവസത്തെ ഇളവ് കിട്ടിയാൽ സാമൂഹ്യഅകലം ഉറപ്പാക്കാനുള്ള ചില നിർദ്ദേശങ്ങൾ വിദ്യാഭ്യാസവകുപ്പിൻ്റെ പരിഗണനയിലുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകൾ രാവിലെ നടത്തി, പ്ലസ് വൺ പരീക്ഷ ഉച്ചക്ക് ശേഷം എന്നാണ് ആലോചന. എന്നാല്‍ രോഗബാധ കൂടുതലുള്ള കാസർകോട് അടക്കമുള്ള ഹോട്ട് സ്പോട്ട് ജില്ലകളിൽ ഇളവ് നൽകുന്നതിലാണ് പ്രതിസന്ധി. ഇനിയുള്ള പരീക്ഷകളുടെ നടത്തിപ്പ്, മ്യൂല്യനിർണ്ണയത്തിനും ടാബുലേഷനുമായി ഏറ്റവും കുറഞ്ഞതായി വേണ്ടത് പതിനഞ്ച് ദിവസമാണ്. ജൂണിൽ അക്കാദമിക് വർഷം തുടങ്ങാനാകുമോ എന്നു പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയാണിപ്പോള്‍.