ന്യൂയോർക്ക് : കൊവിഡ് ബാധിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ ജോൺ പ്രൈൻ അന്തരിച്ചു. 73 വയസായിരുന്നു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ജോൺ പ്രൈനിന്റെ നില കഴിഞ്ഞ ദിവസങ്ങളിൽ അതീവ ഗുരുതരമായിരുന്നു. ' മാർക്ക് ട്വെയ്ൻ ഒഫ് അമേരിക്കൻ സോംഗ്റൈറ്റിംഗ് ' എന്നാണ് പ്രൈൻ അറിയപ്പെട്ടിരുന്നത്. അഞ്ച് ദശാബ്ദങ്ങളായി സംഗീതലോകത്ത് നിറഞ്ഞ് നിന്ന പ്രൈൻ എഴുതിയ പാട്ടുകൾക്ക് അമേരിക്കയിൽ ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. വില്യം വേർഡ്‌സ്‌വർത്തുമായാണ് പ്രൈനിന്റെ വരികളെ താരതമ്യം ചെയ്തിരുന്നത്. 1946 ഒക്ടോബർ 10ന് ഇല്യനോയിസിലെ മേയ്‌വുഡിലാണ് ജനനം. ചെറുപ്പത്തിൽ തന്നെ ഗിറ്റാറിൽ പ്രാവണ്യം നേടി. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെയാണ് പ്രൈൻ തന്റെ പാട്ടുകൾക്കായി തിരഞ്ഞെടുത്തത്. നിരവധി ഗ്രാമി അവാർഡ് ജേതാവായ പ്രൈന് ഈ വർഷം സമഗ്രസംഭാവനയ്ക്കുള്ള ഗ്രാമി അവാർഡും ലഭിച്ചിരുന്നു. 2018ലാണ് അവസാനമായി പ്രൈൻ സ്റ്റുഡിയോ ആൽബം ഇറക്കിയത്. രണ്ട് തവണ കാൻസറുകൾ പ്രൈനെ പിടികൂടിയിട്ടുണ്ട്. 1998ൽ സ്ക്വാമസ് സെൽ കാൻസറിനെ തുടർന്ന് പ്രൈന് കഴുത്തിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 2013ൽ പ്രൈന് ശ്വാസകോശ കാൻസർ കണ്ടെത്തിയിരുന്നു. പ്രൈനിന്റെ ഭാര്യ ഫിയോണയ്ക്കും കൊവിഡ് പോസിറ്റീവായിരുന്നു.