ആര്യനാട്: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയിലും നാട്ടുകാർക്ക് വിഷമില്ലാത്ത ജൈവപച്ചക്കറി നൽകാനായി പാടത്ത് കഷ്ടപ്പെടുകയാണ് ആര്യനാട്ടെ ഒരു കൂട്ടം കർഷകർ. ആര്യനാട് സ്വാശ്രയ കാർഷികോത്പന്ന സംസ്കരണ വിപണന കേന്ദ്രമാണ് മാതൃകാ ജൈവപച്ചക്കറി തോട്ടം നിർമ്മിച്ച് നാട്ടുകാരുടെ കൈയടി നേടുന്നത്. ലോക്ക് ഡൗൺ കാലത്ത് കാർഷിക രംഗത്തുള്ളവരെ എങ്ങനെ ഫലപ്രദമായി തോട്ടത്തിൽ വിനിയോഗിക്കാമെന്ന് തെളിയിക്കുകയാണ് ഈ വിപണന കേന്ദ്രം.
നാട്ടിൽ ജൈവപച്ചക്കറികൾക്ക് ക്ഷാമമുണ്ടായപ്പോഴാണ് ഒരേക്കർ കരഭൂമി പാട്ടത്തിനെടുത്ത് വിഷരഹിത മാതൃകാ ജൈവപച്ചക്കറി തോട്ടമൊരുക്കാൻ ഈ വിപണന കേന്ദ്രം തീരുമാനിച്ചത്. ഇക്കഴിഞ്ഞ മാർച്ച് ആറിന് പാലൈക്കോണത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പണി പുരോഗമിക്കുന്നതിനിടയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിപണിയിലെ കർഷകർക്കും പാട്ടഭൂമിയിൽ കൃഷിചെയ്യാൻ ഉത്സാഹമായി. ഒരു കൂട്ടർ ചാണകവും ചാമ്പലുമായി വളമിടൽ തുടങ്ങുമ്പോൾ മറ്രൊരുകൂട്ടർ എല്ലാ ചെടികളെയും നന്നായി നനയ്ക്കും. മറ്റ് ജോലികൾ ചെയ്യാൻ പറ്റാതായതോടെ എല്ലാദിവസവും പുലർച്ചെയെത്തുന്ന കർഷകർ ഉച്ച കഴിയുന്നതോടെ വീടുകളിലേക്ക് മടങ്ങും. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ആര്യനാട്ടെ കാർഷിക വിപണിയിൽ ഈ ജൈവ പച്ചക്കറികൾ വിപണനം ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സംഘാടകർ.
വിഷരഹിത ഉത്പന്നങ്ങൾ മാത്രം
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ പ്രവർത്തനത്തിലൂടെ ആര്യനാട്ടെ കാർഷിക വ്യാപാര മേഖലയിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് വിപണന കേന്ദ്രം അറിയിച്ചിട്ടുള്ളത്. കാർഷികോത്പന്നങ്ങൾ സംഭരിക്കുകയും വിപണനം നടത്തുകയും വിഷരഹിതമായ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുകയും ചെയ്യാനാണ് ഇവർ ശ്രമിക്കുന്നത്. ഈ വിപണിയിൽ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾക്ക് നല്ല ഡിമാൻഡാണ്. ഇവിടെയെത്തിക്കുന്ന വാഴക്കുലകൾക്ക് ന്യായമായ വിലയാണ് ലഭ്യമാക്കുന്നത്.