കുവൈറ്റ്: ഉടമകൾ വിടാതെ പിടിക്കാൻ തുടങ്ങിയതോടെ കുവൈറ്റിൽ മലയാളികളടക്കം വാടകയ്ക്ക് താമസിക്കുന്നവർ വലയാൻ തുടങ്ങി. വാടക നൽകാൻ കയ്യിൽ പണമില്ല. ഉള്ളതെല്ലാം തീർന്നു. പണിയുമില്ല, ശമ്പളവുമില്ല. പക്ഷേ വാടകക്കാർ ശല്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പലരും വീടുകളൊഴിഞ്ഞ് ഉൾപ്രദേശങ്ങളിൽ ചെറിയ വാടക വീടുകൾ തേടി പോയി. പോകാൻ കഴിയാത്തവർ അവധി പറയുന്നുണ്ടെങ്കിലും കെട്ടിട ഉടമകൾ അതൊന്നും കേൾക്കുന്നില്ല. വാടക ഇപ്പോൾ വേണമെന്ന് നിർബന്ധം പിടിക്കുകയാണ്.
വാടക ഉടൻ നൽകണമെന്നും അല്ലെങ്കിൽ എന്നുനൽകാൻ കഴിയുമെന്ന് അറിയിക്കണമെന്നും പല കെട്ടിടങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. വാടക നൽകിയില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് കെട്ടിട ഉടമകളുടെ മുന്നറിയിപ്പ്. വാടക എന്നു നൽകാനാവകുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ആയിരക്കണക്കിനാളുകൾ. നിത്യചെലവിനുപോലും പലരും പാടുപെടുകയാണ്.
കുടുംബമായി താമസിക്കുന്നവരാണ് ഏറെ പ്രതിസന്ധിയിലായത്. വരുമാനമില്ലാതായതിനുശേഷം ഒരുമാസത്തോളം കഷ്ടിച്ച് പിടിച്ചുനിന്ന പലരും ഇപ്പോൾ ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നുണ്ട്. ചിലർ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് കഴിയുന്നത്. നാട്ടിലേക്ക് പണമയക്കാൻ നയാപൈയില്ലാത്തവരുടെ കുടുംബങ്ങളിലെ അവസ്ഥ ഇതിനെക്കാളും ദയനീയം.
സൂപ്പർ മാർക്കറ്റുകളും റസ്റ്റാറന്റുകളും ഒഴികെയുള്ള കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന റസ്റ്റാറന്റുകളിൽ ചിലത് പകുതി ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനി ജോലിക്കാരുടെ ശമ്പളം മുടങ്ങി. ചിലരുടെ ശമ്പളം പകുതിയായി വെട്ടിക്കുറച്ചു.