ന്യൂഡൽഹി: മേയ് 15വരെ പൊതുഇടങ്ങൾ അടച്ചിടണമെന്നും പൊതുഗതാഗം നിരോധിക്കണമെന്നും കേന്ദ്രസർക്കാർ നിയമിച്ച കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകി. മതപരമായ ചടങ്ങുകൾക്കായി ഒത്തുകൂടുന്നതും നാലാഴ്ചത്തേക്ക് റദ്ദാക്കണമെന്നും ശുപാർശ ഉണ്ട്. ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പാർലമെന്റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോൺഫറൻസ് ചർച്ച അതിനാൽ നിർണായകമാണ്. കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗൺ പിൻവലിക്കുക എങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സംസ്ഥാനത്തിനാകും.
കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ മൂന്നാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കും. എന്നാൽ രോഗം പിടിപെടുന്നവരുടെ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് ഉൾപ്പെടെ പല സംസ്ഥാനങ്ങളും ലോക്ഡൗൺ നീട്ടണമെന്ന തീരുമാനത്തിലാണ്. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കണക്കിലെടുക്കുമെന്നാണ് സർക്കാർ നൽകുന്ന സൂചന.