തിരുവനന്തപുരം : പൊലീസുകാരനെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വലിയതുറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മാധവപുരം ദേവനിവാസിൽ സന്തോഷിനെയാണ്(41)മരിച്ച നിലയിൽ കണ്ടെത്തിയത്. മണക്കാട് കുത്തുകല്ലുംമൂട്ടിലെ സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് സന്തോഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ശബ്ദംകേട്ടെത്തിയ സഹോദരി ഉടൻ സന്തോഷിനെ കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വലിയതുറ പൊലീസ് സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടികഴിഞ്ഞാണ് സന്തോഷ് സഹോദരിയുടെ വീട്ടിലെത്തിയത്. ഇന്ന് സന്തോഷിന് ഡ്യൂട്ടി ഓഫ് ആയിരുന്നു.ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഇയാൾ രോഗ ബാധിതനായതിന്റെ വിഷമത്താൽ ജീവനൊടുക്കിയതാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ റേബയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.