covid-

മുംബയ്: മുംബയിൽ കൊവിഡിന്റെ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം. ബൃഹൻ മുംബയ് മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചത്.രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മുംബയിലാണ്. രോഗികളിൽ പലർക്കും രാേഗംബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.

മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം ആയിരം കടന്നിട്ടുണ്ട്.ഇന്ന് രാവിലെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. ഇതിൽ 642 രോഗികളും മുംബയിൽ നിന്നുള്ളവരാണ്. പൂനെയിൽ 159 രോഗികളും താനെയിൽ 87 രോഗികളുമുണ്ട്.ഇന്ന് പൂനെയിൽ കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.


മുംബയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോൾ തുടർച്ചയായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോർപ്പറേഷനിലെ ഒരു വാർഡിൽ തന്നെ 75 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യമുണ്ട്. വോർളി, ലോവർ പരേൽ, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ ചേരികളിൽ രോഗം അതിവേഗം വ്യാപിക്കുകയാണ്.

മലയാളികൾ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കിടയിലും രോഗം പടർന്നിരുന്നു. ബ്രീച്ച് കാൻഡി ആശുപത്രിയിലെ നിരവധിപേർ നിരക്ഷണത്തിലാണ്.