kerala

തിരുവനന്തപുരം: രണ്ട് ദിവസങ്ങളായി കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് ആരോഗ്യവകുപ്പിനും സംസ്ഥാന സർക്കാരിനും ആശ്വാസമായി. കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത പല ജില്ലകളിലും ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്ന കേരളത്തിലെ ഏഴ് ജില്ലകളിൽ തൃശൂർ,കണ്ണൂർ, എറണാകുളം ,തിരുവനന്തപുരം ജില്ലകളിൽ രോഗ വ്യാപനത്തിന്റെ സൂചനകളില്ലാത്തതാണ് ആരോഗ്യവകുപ്പിന് ആശ്വാസമായത്.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലാകുന്നതിന്റെ പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. സ്ഥിതിഗതികൾ സങ്കീർണമായ കാസർകോഡ് ജില്ലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സേവനവും കർണാടകയിലെ മംഗളുരുവിലേക്ക് രോഗികളുമായി പോകുന്ന വാഹനങ്ങൾക്ക് പരിശോധനകൾക്ക് ശേഷം പ്രവേശനാനുമതി നൽകാനുള്ള തീരുമാനവും സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തിയിലെ ആശങ്കകൾക്കും പിരിമുറുക്കങ്ങൾക്കും അയവ് വരുത്തിയിട്ടുണ്ട്.

കാസർകേ‌ാഡിനോട് അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലും ഇന്നലെ വൈകുന്നേരം വരെ ലഭിച്ച വിവരങ്ങൾ ശുഭസൂചനകൾ നൽകുന്നതാണ്. സംസ്ഥാനത്ത് കൊവിഡ് ഭേദമായവരിൽ കൂടുതൽ പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്. രോഗം സ്ഥിരീകരിച്ച 56 ൽ 28 പേരും ആശുപത്രി വിട്ടു. മികച്ച ചികിത്സയും പരിചരണവും കിട്ടിയതുകൊണ്ടാണ് രോഗം വേഗത്തിൽ ഭേദമായതെന്ന് ആശുപത്രി വിട്ടവർ പറഞ്ഞു.അഞ്ചരക്കണ്ടിയിൽ പതിനൊന്ന് ദിവസം മുമ്പ് പ്രവർത്തനം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയിൽ നിന്നും 9 പേരാണ് രോഗം ഭേദമായി വീടുകളിലെത്തിയത്.

തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് 9 പേരും പരിയാരം മെ‍ഡിക്കൽ കോളേജിൽ നിന്ന് 8 പേരും ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ട് പേരും രോഗം ഭേദമായി വീടുകളിലെത്തി. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് രോഗം ഭേദമായി മടങ്ങിയവരിൽ ഗർഭിണിയുമുണ്ട്. രണ്ട് തവണ സ്രവപരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയാണ് രോഗം ഭേദമായെന്ന് സ്ഥിരീകരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ആശുപത്രി വിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തുടർച്ചയായി അഞ്ചാം ദിവസവും പുതിയ കൊവിഡ് കേസുകൾ ഇല്ലാത്തതിന്റെ ആശ്വാസത്തിലാണ് തൃശ്ശൂർ. ജില്ലയിൽ ഒൻപത് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. പരിശോധനാഫലം നെഗറ്റീവ് ആയ രണ്ട് പേരെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം മെഡിക്കൽ ബോർഡിന്റെ പരിഗണനയിലാണ്. 15033 പേരാണ് ഇവിടെ നിരീക്ഷണത്തിലുളളത്. ഇതിൽ ആശുപത്രിയിലുള്ളത് 37 പേർ. പുതുതായി 340 പേർ ഇവിടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കിയ 28 പേരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ പരിശോധനാ ഫലമാണ് തുടർച്ചയായ രണ്ടാം വട്ടവും നെഗറ്റീവായത്. ഇവരെ ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.19 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 844 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്.

ഇനി 28 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. എറണാകുളത്ത് കഴിഞ്ഞ രണ്ട് ദിവസമായി പുതിയ കൊവിഡ് കേസുകളുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ലഭിച്ച 41 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ അഞ്ച് പേർ വിദേശികളുൾപ്പെടെ 18 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 104 സാമ്പിൾ പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. 33 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

18 പേർ മെഡിക്കൽ കോളേജിലും, 4 പേർ ആലുവ ജില്ലാ ആശുപത്രിയിലും 2 പേർ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിലും, 9 പേർ സ്വകാര്യ ആശുപത്രികളിലുമാണ്. കഴിഞ്ഞ ദിവസം 2362 പേരോടാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടത്. ഇതിൽ 1520 പേർ 14 ദിവസം പൂർത്തിയാക്കിയതിനെ തുടർന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കപ്പെട്ടവരാണ്.

സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലൊന്നുണ്ടായ പോത്തൻകോട് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്ന തലസ്ഥാന ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ടായിട്ടില്ല.

ജില്ലയിലെ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി ഇന്നലെ എത്തിയ 19 പേരെയും നിരീക്ഷണത്തിലാക്കി. 28 പേരെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളേജിൽ 40 പേരും ജനറൽ ആശുപത്രിയിൽ 14 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ 5 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 7 പേരും എസ്.എ.റ്റി ആശുപത്രിയിൽ 6 പേരും കിംസ് ആശുപത്രിയിൽ 12 പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും പി.ആർഎസ് ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ 96 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെ പോസിറ്റീവായവരിൽ 4 തിരുവനന്തപുരം സ്വദേശികളും ഒരു കൊല്ലം സ്വദേശിയും മെഡിക്കൽകോളേജിലും രണ്ട് കുട്ടികൾ എസ് ..എ.ടിയിലും ചികിത്സയിലാണ്.48 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ ലഭിച്ച 168 പരിശോധനാഫലവും നെഗറ്റീവാണ്. ഇനി 277 പരിശോധനാ ഫലം ലഭിക്കാനുണ്ട്.