ന്യൂഡൽഹി:ഡൽഹിയിൽ ഒരു മലയാളി നഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 10 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച വ്യക്തി ഏതുജില്ലക്കാരിയാണെന്ന് വ്യക്തമല്ല. ഡൽഹിയിൽ ഇതുവരെ 26 ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലയാളി നഴ്സുമാർക്ക് മതിയായ പരിചരണം കിട്ടുന്നില്ലെന്ന പരാതിയുയരുന്നുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് അത്യാവശ്യ സഹായങ്ങൾ പോലും കിട്ടുന്നില്ലെന്നും പരിശോധനകൾ ഉൾപ്പെടെ സ്വന്തമായി ചെയ്യേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കത്തയച്ചിരുന്നു. ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മുപ്പതോളം നഴ്സുമാരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബിബാഗിലെ സ്വകാര്യ ആശുപത്രിയിലെ 24 നഴ്സുമാരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ട് രണ്ടുദിവസമായി.ഇനിയും പരിശോധനാ ഫലം ലഭിച്ചിട്ടില്ല.