ന്യൂയോർക്ക്: അമേരിക്കയിൽ കൊവിഡ് മരണം അനിയന്ത്രിതമായി ഉയരുകയാണ്. ആയിരത്തോളം പേർ ദിനംപ്രതി മരിക്കുന്നു. മോർച്ചറികളും ശ്‌മശാനങ്ങളും നിറഞ്ഞ് കവിഞ്ഞു. മൃതദേഹങ്ങൾ പെരുകുന്നു. ആശുപത്രികൾക്ക് പുറത്ത് ഒരുക്കിയിരിക്കുന്ന ശീതീകരിച്ച ട്രക്കുകളിലാണ് താത്കാലികമായി മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ മരണ സംഖ്യ റെക്കാഡ് വേഗത്തിൽ ഉയരുന്നതോടു കൂടി ഇതും പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. അമേരിക്കയിൽ കൊറോണ വൈറസിന്റെ ഹോട്ട്സ്പോട്ടുകളിലൊന്ന് ന്യൂയോർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ന്യൂയോർക്കിൽ മാത്രം മരിച്ചത് 450 ഓളം പേരാണ്. 3,400 ലേറെ പേരാണ് ഇതുവരെ ന്യൂയോർക്കിൽ മരിച്ചത്.
72,000 ലേറെ പേർക്ക് രോഗബാധയുണ്ട്. ശ്‌മശാനങ്ങളും മോർച്ചറികളും നിറഞ്ഞതോടെ കൂട്ട ശവക്കുഴികൾ നിർമിക്കാനാണത്രെ ന്യൂയോർക്കിന്റെ നീക്കം. അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ന്യൂയോർക്കിലെ ബ്രോൺക്‌സിൽ ലോംഗ് ഐലൻഡ് സൗണ്ട് തടാകത്തിൽ സ്ഥിതി ചെയ്യുന്ന ' മരിച്ചവരുടെ ദ്വീപ് ' എന്നറിയപ്പെടുന്ന ഹാർട്ട് ഐലൻഡിനെയാണ്.
ഹാർട്ട് ഐലൻഡ്
10 ലക്ഷത്തിലേറെ മനുഷ്യർ അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി... അതാണ് ആൾത്താമസമില്ലാത്ത ഹാർട്ട് ഐലൻഡ് എന്ന ദ്വീപ്. കേൾക്കുന്നവരെ ഭയപ്പെടുത്തുന്ന ചരിത്രമാണ് ഹാർട്ട് ഐലൻഡിന് പറയാനുള്ളത്. 1868ൽ സിവിൽ വാർ കാലഘട്ടത്തിൽ സെമിത്തേരിയായി ഉപയോഗിക്കാൻ തുടങ്ങിയതാണ് ഈ ദ്വീപിനെ. 130 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപിൽ പിന്നീട് മയക്കുമരുന്ന് പുനഃരധിവാസകേന്ദ്രം, തടവറ, മാനസികാരോഗ്യകേന്ദ്രം, ക്ഷയരോഗ ആശുപത്രി തുടങ്ങിയവ പ്രവർത്തിക്കുകയുണ്ടായി. ശീതയുദ്ധകാലത്ത് മിസൈൽ ബേസായും മഞ്ഞപ്പനി പടർന്നുപിടിച്ച കാലത്ത് ഐസൊലേഷൻ മേഖലയായും ഹാർട്ട് ഐലൻഡിനെ ഉപയോഗിച്ചു. വസൂരി മുതൽ എയ്‌ഡ്‌സ് വരെയുള്ള പകർച്ചവ്യാധികൾ വന്ന് മരിച്ചവരെയും ഇവിടെ മറവ് ചെയ്‌തു. 1870ൽ മഞ്ഞപ്പനിയും 1919ൽ സ്‌പാനിഷ് ഫ്ലൂവും പടർന്നുപിടിച്ചപ്പോൾ ഹാർട്ട് ഐലൻഡിൽ ഒരുക്കിയത് കൂട്ടശവക്കുഴികളാണ്.
ആദ്യകാലം മുതൽ തന്നെ ന്യൂയോർക്കിലെ ആശുപത്രികളിലെ അജ്ഞാത മൃതദേഹങ്ങളെയെല്ലാം ഇവിടെയാണെത്തിക്കുന്നത്. 1958 ആയപ്പോഴേക്കും ഹാർട്ട് ഐലൻഡിൽ മറവു ചെയ്‌തവരുടെ എണ്ണം 5,00,000 കടന്നിരുന്നു. ഓരോ മൃതദേഹങ്ങളും തടികൊണ്ട് നിർമിച്ച ശവപ്പെട്ടികളിലാണ് സംസ്‌കരിക്കുന്നത്.മെഡിക്കൽ പഠനങ്ങൾക്ക് ഉപയോഗിക്കുന്ന മൃതശരീരങ്ങളും പിന്നീട് എത്തിപ്പെടുന്നത് ഹാർട്ട് ദ്വീപിൽ തന്നെ.
21-ാം നൂറ്റാണ്ടു മുതൽ പ്രതിവർഷം 1,500 ഓളം മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്‌കരിക്കുന്നത്. ഇപ്പോൾ ഉറ്റവരില്ലാത്തവരെ സംസ്‌കരിക്കുന്നത് ഇവിടെയാണ്. എല്ലാ വ്യാഴാഴ്ചകളിലുമാണ് ഹാർട്ട് ദ്വീപിൽ സംസ്‌കാരങ്ങൾ നടക്കുന്നത്. ബോട്ട് മാർഗം മാത്രമേ ഹാർട്ട് ദ്വീപിലെത്താനാകൂ. 150 വർഷങ്ങളായി റൈക്കേഴ്‌സ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ന്യൂയോർക്ക് സെൻട്രൽ ജയിലിലെ തടവുകാരാണ് ഇവിടെ ശവക്കുഴികൾ തയാറാക്കുന്നത്. ഇവർക്ക് മണിക്കൂറിന് 50 സെന്റാണ് പ്രതിഫലം നൽകുന്നത്.
തടവുപുള്ളികൾ അവരുടെ വേഷത്തിൽ തന്നെയാണ് ഹാർട്ട് ഐലൻഡിൽ ശവക്കുഴികളെടുക്കുന്നത്. എന്നാൽ കഴിഞ്ഞ വ്യാഴാഴ്‌ച ദ്വീപിൽ മൃതദേഹങ്ങൾ മറവ് ചെയ്യാനെത്തിയ തടവുകാരടക്കം എല്ലാവരും ഹാസ്‌മത്ത് സ്യൂട്ടുകൾ ധരിച്ചിരുന്നു. ഇതിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരെയാണ് ഇവിടെ സംസ്‌കരിച്ചതെന്ന് ഈ സുരക്ഷാ വസ്ത്രങ്ങളിലൂടെ മനസിലാക്കാം. ഇന്നലെ ദ്വീപിൽ പൊലീസുകാരും മണ്ണുമാന്തിയന്ത്രങ്ങളുമുണ്ടായിരുന്നു. എന്നാൽ, വർഷങ്ങളായി ഇവിടെ ശവക്കുഴി തയാറാക്കുന്ന റൈക്കേർസ് ദ്വീപിലെ തടവുകാരെ കണ്ടില്ല. ഇതോടെ കൊവിഡ് ബാധിച്ച് മരിക്കുന്നവർക്കായുള്ള താത്കാലിക കൂട്ടശവക്കുഴികൾ ഇവിടെ തയാറാക്കുന്നുവെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ന്യൂയോർക്ക് മേയർ ഉൾപ്പെടയുള്ളവർ ഈ വാർത്തയെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം.
ആഴ്‌ചയിൽ 25 ഓളം സംസ്‌കാരങ്ങളാണ് ഇവിടെ നടന്നിരുന്നതെങ്കിൽ മാർച്ച് മുതൽ ഇത് മൂന്നിരട്ടിയായി മാറിയിരിക്കുകയാണ്. 72 ഓളം സംസ്‌കാരങ്ങളാണ് ഓരോ ആഴചകളിലും ഇവിടെ നടക്കുന്നതെന്ന് ദ്വീപിന്റെ ചുമതലയുള്ളവർ വ്യക്തമാക്കി. ദ്വീപിലെത്തിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ. പബ്ലിക് പാർക്കുകളും താത്കാലിക ശ്‌മശാനങ്ങളാക്കി മാറ്റേണ്ട സ്ഥിതിയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ന്യൂയോർക്ക് നഗരത്തിൽ പൊലിയുന്ന ജീവനുകൾ ഇനി ഹാർട്ട് ഐലൻഡിലെ കൂട്ട ശവക്കുഴികളിലേക്കാവും പോകുന്നതത്രേ.