രാജ്യവും ജനങ്ങളും വലിയൊരു മഹാമാരി നേരിടുമ്പോൾ സർക്കാരിന്റെ പ്രതിരോധ യത്നങ്ങൾക്ക് പരമാവധി പിന്തുണ നൽകുക എന്നതാണ് ഉത്തരവാദിത്വ ബോധമുള്ളവർ ചെയ്യേണ്ടത്. എന്നുവച്ച് സർക്കാരിന്റെ വീഴ്ചകൾക്കു നേരെ പൂർണമായും കണ്ണടയ്ക്കണമെന്ന് ആരും പറയില്ല. തെറ്റുകൾ സംഭവിച്ചാൽ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും വേണം. ജനാധിപത്യവ്യവസ്ഥ അത് ആവശ്യപ്പെടുന്നുമുണ്ട്. കൊവിഡ് മഹാമാരി മറയാക്കി സംസ്ഥാന സർക്കാർ തട്ടിപ്പു പ്രഖ്യാപനങ്ങൾ മാത്രമാണു നടത്തിക്കൊണ്ടിരിക്കുന്നതെന്ന പ്രമുഖ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തോട് കണ്ണും കാതും തുറന്നിരിക്കുന്ന ജനങ്ങളിൽ അധികം പേർക്കും യോജിക്കാനാവില്ല. പാവങ്ങൾക്ക് സഹായമൊന്നും ചെയ്യാതെ കണ്ണിൽ പൊടിയിടുന്ന വാഗ്ദാനത്തട്ടിപ്പുകളാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപം. സർക്കാർ കൊണ്ടുവന്ന ആശ്വാസ നടപടികളെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾക്ക് മതിപ്പൊന്നുമില്ലെങ്കിലും ജനങ്ങൾക്ക് നല്ല ധാരണയാണുള്ളത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർവ മേഖലകളിലും പെട്ടവർക്ക് ആശ്വാസമരുളുന്ന ഒട്ടേറെ കാര്യങ്ങളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മഹാമാരി തടയുന്നതിലും രോഗം പിടിപെട്ടവരുടെ ചികിത്സയിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും മാതൃകയാകാൻ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണത്.
ലോക്ക് ഡൗൺ കാലത്ത് അടച്ചുപൂട്ടി വീട്ടിലിരിക്കണമെന്നതു നിർബന്ധമെന്ന പോലെ ദുരന്തകാലത്ത് പതിവു രാഷ്ട്രീയ കുന്നായ്മകൾക്കൊന്നും മുതിരാതിരിക്കുക എന്നതു എല്ലാ രാഷ്ട്രീയക്കാരും ശീലമാക്കേണ്ട സദ് ഗുണമാണ്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഒരു തിരഞ്ഞെടുപ്പല്ല. മഹാമാരിക്കെതിരെ നടക്കുന്ന യുദ്ധസമാനമായ പോരാട്ടമാണ്. ഭീതിയുടെ മുൾമുനയിലൂടെ ഓരോ മണിക്കൂറും കടന്നുപോകുന്ന ജനങ്ങളുടെ മനസിൽ എണ്ണിയാലൊടുങ്ങാത്ത ജീവിത പ്രശ്നങ്ങൾ മാത്രമേയുള്ളൂ ഇപ്പോൾ. ദൂരദിക്കിൽ അകപ്പെട്ടുപോയ ബന്ധുക്കളെയോർത്ത്, മുടങ്ങിയ നിരവധി പരീക്ഷകളെ ഓർത്ത്, നിത്യജീവിതവുമായി ബന്ധപ്പെട്ടു താളം തെറ്റുന്ന അനേകം കാര്യങ്ങളെ ഓർത്ത് മനുഷ്യർ വേവലാതിപ്പെടുമ്പോൾ രാഷ്ട്രീയ വർത്തമാനങ്ങൾ കേട്ടു കൈയടിക്കാൻ അധികം പേരെ കിട്ടിയെന്നുവരില്ല. സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതിൽ പോരായ്മകളോ വീഴ്ചകളോ ഉണ്ടാകുന്നെങ്കിൽ തീർച്ചയായും അതൊക്കെ ചൂണ്ടിക്കാണിച്ച് തിരുത്താൻ ആവശ്യപ്പെടാം. കാതലായ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാം. ജനങ്ങൾക്കു കൂടുതൽ ഗുണം കിട്ടുന്ന പുതിയ ആശയങ്ങൾ സമർപ്പിക്കാം. രാജ്യം ഒന്നാകെ വലിയൊരു പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സന്ദർഭത്തിൽ പ്രതിപക്ഷ കക്ഷികളുൾപ്പെടെ എല്ലാ കക്ഷികളും പതിന്മടങ്ങ് ഉത്തരവാദിത്വബോധം പ്രകടിപ്പിക്കുകയാണു വേണ്ടത്. പ്രതിപക്ഷം എത്രകണ്ടു ക്രിയാത്മകമാകുന്നോ സർക്കാരിന്റെ പ്രതിരോധ നടപടികൾ അത്രകണ്ട് കരുത്തുറ്റതാകും. രാഷ്ട്രീയം പറയാനും സർക്കാരിനെ വിമർശിക്കാനും അവസരം ഇനിയും വരും. എല്ലാവരും ഇവിടെത്തന്നെ ഉള്ളവരാണല്ലോ. സംയമനം അവശ്യം പാലിക്കേണ്ട സന്ദർഭങ്ങളിൽ അതിനു ഭംഗമുണ്ടാകുമ്പോൾ ജനങ്ങളുടെ പ്രതികരണം നേരെ തിരിച്ചാകുമെന്ന് ഓർക്കണം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കേന്ദ്രം എം.പി മാരുടെ ആസ്തി വികസന ഫണ്ട് രണ്ടുവർഷത്തേക്കു മരവിപ്പിച്ച നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്. എം.പിമാർക്ക് തങ്ങളുടെ മണ്ഡലത്തിൽത്തന്നെ കൊവിഡ് പ്രതിരോധത്തിനുള്ള പദ്ധതികൾ നടപ്പാക്കാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. കേന്ദ്രത്തിന്റെ തെറ്റായ ഈ സമീപനം തിരുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നൂറുശതമാനം ന്യായയുക്തമാണ്. അതുപോലെ കൊവിഡ് നേരിടാനുള്ള പദ്ധതികൾക്ക് പണം കണ്ടെത്താൻ പ്രധാനമന്ത്രിക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി സമർപ്പിച്ച അഞ്ചിന നിർദ്ദേശങ്ങൾ ക്രിയാത്മകമല്ലെന്ന് ആരും പറയില്ല. ഇരുപതിനായിരം കോടി രൂപ ചെലവിൽ പാർലമെന്റ് മന്ദിരം പുനർ നിർമ്മിക്കുന്നതടക്കമുള്ള പാഴ് ചെലവുകൾ മാറ്റിവയ്ക്കാവുന്നതാണ്. കേന്ദ്ര സർക്കാർ ചെലവുകളിൽ 30 ശതമാനം കുറവു വരുത്തിയാൽ രണ്ടര ലക്ഷം കോടി രൂപ മിച്ചമാകും. കൊവിഡിനെ നേരിടാൻ അതു ധാരാളം മതി. ചെലവു ചുരുക്കൽ മാതൃക കേന്ദ്രത്തിൽ മാത്രമല്ല സംസ്ഥാനത്തും ആകാം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മറ്റൊന്നിനും ഒരു വർഷം പണം ചെലവഴിക്കുകയില്ലെന്ന് തീരുമാനിക്കണം.
ലോക്ക് ഡൗൺ ഏപ്രിൽ 14നും അപ്പുറത്തേക്കു നീട്ടണമെന്ന് പത്തു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ തുടരുമെന്നു വേണം കരുതാൻ. വേണ്ടത്ര കരുതലില്ലാതെ നിയന്ത്രണങ്ങളിൽ അയവു വരുത്തിയാൽ ഉണ്ടാകാവുന്ന അത്യാപത്ത് മുൻകൂട്ടി കാണണം. അതികർക്കശമായ നിയന്ത്രണങ്ങൾക്കിടയിലും അതു മറികടക്കാൻ ആളുകൾ പെടാപ്പാടു പെടുകയാണ്. ആയിരക്കണക്കിനു കേസും അറസ്റ്റുമൊക്കെ ഇതിനകം ഉണ്ടായി. കൊവിഡ് ഭീഷണി രാജ്യത്തിന്റെ പല മേഖലകളിലും സജീവമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒറ്റയടിക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ആത്മഹത്യാപരമായിരിക്കും. കരുതലും ജാഗ്രതയും അവസാനത്തെ രോഗി കൂടി സുഖം പ്രാപിച്ച് ആശുപത്രി വിടുന്നതുവരെ തുടരേണ്ടിവരും. ക്ഷമയോടെ അതു സഹിക്കാൻ ഏവരും തയ്യാറാകണം.