malayinkil

മലയിൻകീഴ്:ലോക്ക് ഡൗണിൽ മരുന്ന് ലഭ്യമാകാതെ കഷ്ടപ്പെട്ട കാൻസ‌ർ രോഗിക്ക് കോട്ടയത്തു നിന്ന് മരുന്നെത്തിച്ച് നൽകി പൊലീസ്.ഇരട്ടക്കലുങ്ക് അമ്മ ഗാർഡൻ അശ്വതിയിൽ ശശികുമാറിനാണ് മലയൻകീഴ് സ്റ്റേഷന്റെ ഇടപെടലിൽ മരുന്നെത്തിയത്.കോട്ടയത്തെ പട്ടേൽ ആശുപത്രിയിൽ നിന്ന് കൊറിയർ മുഖേനെയാണ് മരുന്നെത്തിയിരുന്നത്.എന്നാൽ, ഒൺലൈനിൽ തുക അടച്ചെങ്കിലും മരുന്നെത്തിക്കാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.ഇതോടെ ശശികുമാർ മലയിൻകീഴ് സ്റ്റേഷനെ സമീപിച്ചു.തുടർന്ന് സി.ഐ അനിൽകുമാർ വിവരം കോട്ടയത്തെ കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമതി അംഗം ബിനു ഭാസ്‌കറിനെ അറിയിച്ചു.പിന്നാലെ ബിനു പട്ടേൽ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി കോട്ടയം എ.ആർ.ക്യാമ്പിലെ പൊലീസുകാരനായ ഷിജു മുഖാന്തിരം മലയിൻകീഴ് സ്റ്റേഷനിലെത്തിച്ചു.കഴിഞ്ഞ ദിവസം സി.ഐ അനിൽകുമാർ,എസ്.ഐ സൈജു,എ.എസ്.ഐ ജ്യോതിഷ് എന്നിവർ ശശികുമാറിന്റെ വീട്ടിലെത്തി മരുന്ന് കൈമാറുകയായിരുന്നു.