covid-in-kerala

തിരുവനന്തപുരം : കർശന നിയന്ത്രണങ്ങളിലൂടെ കൊവിഡ് വ്യാപനം ചെറുക്കാൻ സാധിച്ചെന്ന ആശ്വാസത്തിലാണ് കേരളമെങ്കിലും വൈറസിന് മേൽ സംസ്ഥാനം ഇപ്പോൾ നേടിയ മേൽക്കൈ ലോക്ക് ഡൗണിന് ശേഷമുള്ള ദിവസങ്ങളിൽ തകിടം മറിയുമോ എന്ന ആശങ്ക ആരോഗ്യ പ്രവർത്തകർക്കുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ചാൽ തുടർന്നുള്ള 28 ദിവസം നിർണായകമാണ്. അന്യ സംസ്ഥാനങ്ങളിലെയും വിദേശത്തെയും മലയാളികൾ വരുന്നത് തടയാൻ കഴിയില്ല. അതുകൊണ്ടാണ് ഈ ദിനങ്ങൾ പരീക്ഷണ ഘട്ടമാകുന്നത്.

അതിർത്തികൾ തുറന്നാൽ, ട്രെയിനുകളിലും വിമാനങ്ങളിലും എത്തുന്ന എല്ലാവരെയും നിരീക്ഷണ വലയത്തിലാക്കുകയാണ് പ്രധാനം. ഇതിൽ പാളിച്ചയുണ്ടായാൽ സംസ്ഥാനവും ഗുരുതര സാഹചര്യത്തെ നേരിടേണ്ടിവരും. ചില എയർലൈൻസുകൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള ടിക്കറ്റുകൾ തീർന്നു. റെയിൽവേയിലും സമാനമായ സ്ഥിതിയാണ്. അത്യാവശ്യ ഇളവുകൾ മാത്രം നൽകി സർക്കാർ നിയന്ത്രണം കുറച്ച് ദിവസത്തേക്കു കൂടി തുടരേണ്ടത് അനിവാര്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

സമൂഹവ്യാപനം തടഞ്ഞു

കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിൽ നിന്ന് സമൂഹവ്യാപനമെന്ന മൂന്നാം ഘട്ടത്തിലേക്ക് കടക്കാതെ ചെറുക്കാൻ സാധിച്ചു. വിദേശത്തു നിന്നും അയൽ ജില്ലകളിൽ നിന്നും വന്നവരെ ഒരുപോലെ നിരീക്ഷണത്തിലാക്കാൻ സാധിച്ചതാണ് പ്രധാന കാരണം. വൈറസ് ബാധിച്ചവരിൽ പോത്തൻകോട് സ്വദേശിക്ക് ഒഴികെ മറ്റെല്ലാവർക്കും രോഗം എവിടെ നിന്നു പകർന്നെന്ന് കണ്ടെത്താൻ സാധിച്ചു.എന്നാൽ ഈ വ്യക്തിയുമായി ഇടപഴകിയവരിൽ ഭൂരിഭാഗത്തെയും നിരീക്ഷണത്തിലാക്കാൻ കഴിഞ്ഞതോടെ ആ ഭീതി അകന്നു. കാസർകോട്ടും സാഹചര്യം നിയന്ത്രണ വിധേയമാണ്.