cmpm

ന്യൂഡൽഹി: സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രണ്ടാം വട്ട ചർച്ച നടത്തും. വീഡിയോ കോൺഫറൻസ് വഴിയാകും ചർച്ച നടത്തുക. ലോക്ക് ഡൗൺ നീട്ടുന്നതുസംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിനു ശേഷമായിരിക്കും ഉണ്ടാവുക. ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികൾ മുഖ്യമന്ത്രിമാരുമായി അദ്ദേഹം ചർച്ച ചെയ്യും.


ലോക്ക് ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണിത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമൊക്കെ കോവിഡ് പടർന്നുപിടിക്കുകയാണ്. അടിസ്ഥാന മേഖലകളിലെ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിച്ച് നിശ്ചലമായ സമ്പദ് വ്യവസ്ഥ ചലിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. എന്നാൽ ഇതുസംബന്ധിച്ച് സൂചനകളൊന്നും സർക്കാർ നൽകിയിട്ടില്ല.

അതേസമയം രാജ്യത്തെ സുരക്ഷിതം, രോവ്യാപനമുള്ളത്, അതീവ ഗൗരവത്തിലുള്ളത് എന്നിങ്ങനെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണമേർപ്പെടുത്തുക എന്നാണ് കരുതുന്നത്. ലോക്ക്ഡൗണിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകാനിടയില്ല.