കുവൈറ്റ്: ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ജിലീബ്, മഹബൂല പ്രദേശങ്ങളിലെ മുഴുവൻ പേർക്കും ഭക്ഷണവും പാനീയങ്ങളും സൗജന്യമായി നൽകാൻ സർക്കാർ സമഗ്രപദ്ധതി ആവിഷ്‌കരിച്ചു. ജിലീബ് പ്രദേശത്ത് 3.8 ലക്ഷം പേരും മഹബൂലയിൽ 1,98,500 പേരുമാണുള്ളത്. ഇവർക്ക് മുഴുവനും ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ ഭക്ഷണവും പാനീയവും സൗജന്യമായി നൽകും.
വിദേശികൾ ഏറ്റവുമധികം താമസിക്കുന്ന രണ്ടുപ്രദേശങ്ങളാണ് ജിലീബ്, മഹബൂലയും. ഇവിടെ ഇന്നലെ മുതലാണു രണ്ടാഴ്ചത്തേയ്ക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.
കുവൈറ്റ് റേഡ് ക്രസന്റ് സൊസൈറ്റി ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകർ വഴിയായിരിക്കും ഇവ വിതരണം നടത്തുക. ഈ പ്രദേശത്തെ മുഴുവൻ പേരെയും കൊവിഡ് വൈറസ് പരിശോധനയ്ക്ക് വിധേയമാക്കും. താമസക്കാർക്ക് വൈദ്യസേവനങ്ങൾ ഉറപ്പുവരുത്തുവാനും അനധികൃതതാമസക്കാർക്ക് പൊതുമാപ്പ് നൽകാനും ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.