ff

നെയ്യാറ്റിൻകര: തൊടുപുഴയിൽ മകൾക്കൊപ്പം താമസിക്കുന്ന മദ്ധ്യവയസ്കയ്ക്ക് നെയ്യാറ്റിൻകരയിൽ നിന്നും മരുന്നെത്തിച്ച് യുവജനക്ഷേമ ബോർഡ് വോളന്റിയർമാർ മാതൃകയായി. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ്, തൊടുപുഴ നഗരസഭയിൽ എൽ.ഡി ക്ലാർക്കായ മകൾ ഷിജിലയോടാപ്പം താമസിക്കുന്ന ഇരുമ്പിൽ എസ്.വി നിവാസിൽ വിമലക്കാണ് (52) മരുന്നെത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിക്കേണ്ട അത്യാവശ്യ മരുന്ന് ലോക്ക് ഡൗൺ കാരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും കിട്ടാതായതോടെ വിവരം ഇരുമ്പിലെ വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര നഗരസഭയിലെ യുവജനക്ഷേമ ബോർഡിന്റെ വോളന്റിയർമാർ മരുന്നെത്തിക്കുന്ന ദൗത്യം ഏറ്റെടുത്തു. നെയ്യാറ്റിൻകരയിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിയ മരുന്ന് കെ.ആൻസലൻ എം.എൽ.എയും നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബുവും ചേർന്ന് സന്നദ്ധ പ്രവർത്തകരെ ഏല്പിക്കുകയായിരുന്നു. ഇവർ മരുന്ന് തിരുവനന്തപുരം കോർപറേഷനിലെ വോളന്റിയർമാരെ ഏൽപിച്ചു. അവർ അവിടെ നിന്ന് കൊട്ടാരക്കര, അടൂർ, ചങ്ങനാശേരി, കോട്ടയം പാലാ, തൊടുപുഴ നഗരസഭകളിലെ വോളന്റിയർമാർക്ക് കൈമാറിയാണ് മരുന്ന് രോഗിക്ക് എത്തിച്ചത്. സേവനത്തിന് തയാറെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് ഈ ദൗത്യം ഏറ്റെടുക്കാൻ കാരണമെന്ന് വോളന്റിയർമാരായ യുവാക്കൾ പറഞ്ഞു.