വർക്കല :ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കൂട്ടമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ വർക്കല പൊലീസ് സ്റ്റേഷൻ പരിധിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി.ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ ആളുകൾ നഗരത്തിലെ റോഡുകളിൽ കൂട്ടമായിറങ്ങിയെങ്കിലും പിന്നീട് അത് കുറഞ്ഞു. ഗ്രാമങ്ങളിലെ ചെറുകവലകളിലും കടകളിലും ആളുകൾ കൂട്ടംകൂടുന്നത് വർദ്ധിച്ചിട്ടുണ്ട്. കടപ്പുറത്തും മൈതാനങ്ങളിലും കുട്ടികൾ ചെറുകൂട്ടമായി കളിക്കുന്നതും കൂടിയിട്ടുണ്ട്. ഇത്തരം ഒത്തുകൂടലുകൾ ഒഴിവാക്കുക, അതുവഴി സാമൂഹ്യഅകലം പാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.വർക്കല സ്റ്റേഷൻ പരിധിയിലെ അഞ്ചോളം കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെന്ന് വർക്കല സി. ഐ ജി. ഗോപകുമാർ പറഞ്ഞു. പ്രബേഷൻ എസ്.ഐ പ്രവീൺ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജയപ്രകാശ്, അൻസാർ. പി.ആർ.ഒ ഷാബു തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.