dubai

മസ്‌കറ്റ് : ഒമാനിൽ കൊവിഡ് ബാധിച്ചവരിൽ 41 ശതമാനവും വിദേശികളാണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തുന്നു.

ഇന്നലെ 40 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയാണ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 371ആയി. ഇതിൽ 219 ഒമാൻ സ്വദേശികളും 152 വിദേശികളുമാണ്. 70 വയസിനു മുകളിൽ പ്രായമുള്ള രണ്ട് ഒമാൻ സ്വദേശികൾ വൈറസ് ബാധിച്ച് മരിച്ചു. കൊവിഡിന്റെ രാജ്യത്തെ പ്രഭവകേന്ദ്രം 'മത്രാ' പ്രാവശ്യയായതിനാൽ ഒമാൻ സുപ്രിം കമ്മിറ്റിയുടെ നിർദേശ പ്രകാരം സായുധ സേനയും റോയൽ ഒമാൻ പൊലീസും കർശന യാത്രാ വിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി മരിച്ചു

ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 74 ഉം 59 ഉം വയസുള്ള പ്രവാസികളാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ ആറായി. 225 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 2,057. രോഗവിമുക്തരായവരുടെ എണ്ണം 150 ആയി. 1,901 പേർ ചികിത്സയിലാണ്. 41,818 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

യു.എ.ഇയിൽ ഒരാൾ കൂടി മരിച്ചു. ഏഷ്യൻ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 12ആയതായി യു.എ.ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി 283പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2,359ആയി.

കുവൈറ്റിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നു. പുതിയതായി 78പേരിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, ഇതിൽ 59പേർ ഇന്ത്യൻ പൗരന്മാരാണ് ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 743 ആയി. വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 363ആയി. 105 പേർ രോഗമുക്തി നേടി. 23 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന ജലീബ് അൽ ഷുവൈഖ് മഹബുള്ള എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

സൗദിയിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മക്കയിൽ രണ്ടും ഹുഫൂഫിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 41ആയി. പുതുതായി 190 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2795 ആയി. രോഗബാധിതരിൽ 2139 പേർ ചികിത്സയിലാണ്. ഇതിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 64 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 615 ആയി.