fish
ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി പിടിച്ചെടുത്ത മത്സ്യം

തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണിൽ മത്സ്യബന്ധന തുറമുഖങ്ങളും പൊതുഗതാഗത സംവിധാനങ്ങളും നിശ്ചലമായതോടെ സംസ്ഥാനത്തെ മത്സ്യക്ഷാമം മുതലെടുത്ത് അന്തർസംസ്ഥാന ലോബികൾ അയൽസംസ്ഥാനങ്ങളിൽ നിന്ന് കടൽമാർഗം വിഷമത്സ്യം കടത്തുന്നു. തമിഴ്നാട്,​ പോണ്ടിച്ചേരി,​ തൂത്തുക്കുടി,​ കുളച്ചൽ, മംഗളൂരു എന്നിവിടങ്ങളിൽനിന്ന് കൂറ്റൻ ഫിഷിംഗ് ബോട്ടുകളിലാണ് മാസങ്ങൾക്ക് മുമ്പ് പിടിച്ച് സൂക്ഷിച്ച മത്സ്യങ്ങൾ സംസ്ഥാനത്തേക്ക് കടത്തുന്നത്. അന്തർ സംസ്ഥാന ബന്ധമുള്ള മത്സ്യമൊത്ത വിതരണ ഏജൻസികളാണ് മലയാളിയെ വിഷം തീറ്റിക്കാൻ ഇറങ്ങിയിരിക്കുന്നത്.

കേരളത്തിൽ പൊതുവിൽ മത്സ്യക്ഷാമം നേരിടുന്ന സമയമാണ് ഏപ്രിൽ, മേയ് മാസങ്ങൾ. വേനൽ കടുക്കുന്നതോടെ കടൽവെള്ളത്തിന്റെ ചൂട് കൂടുന്നതിനാൽ കേരള തീരത്ത് ഈ സീസണിൽ മത്സ്യ ലഭ്യത പൊതുവെ കുറവാണ്. ഈ സന്ദർഭത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യമാണ് കേരളത്തിൽ അധികവും വിറ്റഴിച്ച് വരുന്നത്. കേരളത്തിലെ ഓഫ് സീസൺ മുതലെടുക്കാൻ അന്യസംസ്ഥാന മത്സ്യക്കച്ചവടക്കാരുടെ സംഘം മാസങ്ങൾക്ക് മുമ്പേ ഇതിനായുള്ള മത്സ്യം അവരുടെ ഗോഡൗണുകളിൽ സംഭരിക്കും. കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി കേരളത്തിലെ ഹാർബറുകൾ അടക്കുകയും മത്സ്യലേലവും വിപണനവും നിലയ്ക്കുകയും ചെയ്തതാണ് ഇവർക്ക് കൂടുതൽ അനുഗ്രഹമായത്.

ഹോട്ടലുകൾ പൂട്ടുകയും വിവാഹമുൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റുകയും ചെയ്തതിനാൽ കാറ്ററിംഗ് മേഖല നിശ്ചലമായത് മത്സ്യ ഉപഭോഗത്തിൽ വൻ കുറവിനും കാരണമായി. ഊണിന് മീൻ നിർബന്ധമാക്കി ശീലിച്ച മലയാളികൾ എന്ത് വിലകൊടുത്തും മത്സ്യം വാങ്ങുമെന്ന് മനസിലാക്കിയാണ് ക്ഷാമം മുതലെടുക്കാൻ വിഷമത്സ്യം കേരളത്തിലേക്ക് കടത്തുന്നത്.

ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാന- ജില്ലാ അതിർത്തികൾ അടച്ചതിനാൽ മത്സ്യക്കടത്തിന് മാർഗമില്ലാതായപ്പോഴാണ് ഫ്രീസർ സൗകര്യമുള്ള ബോട്ടുകളിൽ ബെൻസോയിക് ആസിഡും ഫോർമാലിനും കലർത്തിയ മാസങ്ങൾ പഴക്കമുള്ള മത്സ്യം കേരളത്തിലേക്ക് കടത്തുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ബോട്ട് അടുക്കാൻ സൗകര്യമുള്ള സ്ഥലങ്ങളിലാണ് എത്തിക്കുന്നത്. ലോക്ക് ‌ഡൗൺ ആയതിനാൽ കടലിൽ ഇപ്പോൾ കാര്യമായ പരിശോധനയില്ലാത്തതും കടത്തുകാർക്ക് സൗകര്യമാകുന്നുണ്ട്.

ചൂരയും അയലക്കൊഴുവ, മങ്കട, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങളാണ് കടത്തുവഴി ഏറെയും വിപണിയിലെത്തിയിട്ടുള്ളത്. ലോക്ക് സൗണിനുശേഷം സംസ്ഥാനത്ത് ആഴ്ചകളായി പഴകിയ മത്സ്യ വിൽപ്പന വ്യാപകമായിരുന്നു.. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓപ്പറേഷൻ സാഗർ റാണിയെന്ന പേരിൽ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും പരിശോധന കർശനമാക്കിയതോടെ 32,000 കിലോ പഴകിയ മീനാണ് പലസ്ഥലങ്ങളിൽ നിന്നായി പിടിച്ചെടുത്തത്.