പാലോട്: കൃഷിഭവന്റെ സഹായത്തോടെ സ്കൂളുകളിൽ വിദ്യാർത്ഥികൾ പരിപാലിച്ചു വന്നിരുന്ന ജൈവ പച്ചക്കറികൾ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് നൽകി. ലോക്ക് ഡൗൺ കാലത്ത് അർഹതപ്പെട്ടവർക്കെത്തിക്കുന്ന ഭക്ഷണത്തിനൊപ്പമുള്ള കറികൾ പാചകം ചെയ്യാനാണ് സ്കൂളുകളിലെ പച്ചക്കറികൾ ഉപയോഗിക്കുന്നത്. നന്ദിയോട് കൃഷിഭവൻ 50 ഗ്രോബാഗുകൾ വീതം 13 സ്ഥാപനങ്ങളിൽ കൃഷി ചെയ്തിരുന്നു. ചീര, വെണ്ട, പടവലം, പാവൽ, മുളക് വർഗങ്ങൾ തുടങ്ങിയവ ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനും ഈ വിഷ രഹിത പച്ചക്കറികളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. എന്നാൽ കൊവിഡ് 19 രോഗ ഭീതിയിൽ സ്കൂളുകൾ അടച്ചപ്പോൾ ഈ പച്ചക്കറികൾ പാഴായി പോകുന്നത് മനസിലാക്കിയാണ് അധികൃതർ അവ കമ്മ്യൂണിറ്റി കിച്ചണുകളിൽ ഉപയോഗിക്കാൻ തീരുമാനിച്ചത്. ജൈവകൃഷിയിൽ നമ്മുടെ ആരോഗ്യം എന്ന വിഷയത്തിൽ കൃഷിഭവനു കീഴിലുള്ള എല്ലാ സ്കൂളുകളിലും ഉദ്യോഗസ്ഥർ കൃഷിരീതികളെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തിരുന്നു. വിദ്യാർത്ഥികൾ പലരും ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വീട്ടുവളപ്പിൽ പലയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് സർക്കാർ വിതരണം ചെയ്ത പച്ചക്കറിവിത്തുകൾ കുട്ടികൾ വീട്ടു വളപ്പിൽ നടുന്നതും പരിപാലിക്കുന്നതും ഗ്രാമപ്രദേശങ്ങളിലെ നിത്യ കാഴ്ചയാകുകയാണ്.