തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ അടച്ചിടലുകൾക്കൊന്നും ചെവികൊടുക്കാതെ തന്റെ സർഗാത്മകതയെ രാകിമിനുക്കുകയാണ് തിരുവനന്തപുരം കൊച്ചുതോപ്പ് സ്വദേശിയായ ജെൻസി യോഹന്നാൻ എന്ന യുവ എഴുത്തുകാരി. ഈ ദിവസങ്ങൾ വരകളും വരികളുമായി സമ്പന്നമാക്കുകയാണ് ജെൻസിയുടെ ലക്ഷ്യം. ഈ സമയം എങ്ങനെ മനോഹരമാക്കാം എന്ന് ചിന്തിച്ചപ്പോഴാണ് തിരക്കുകൾക്കിടയിൽ മാറ്റിവച്ച ആശയങ്ങൾ ഈ എഴുത്തുകാരിയുടെ മനസിൽ വീണ്ടും മുളച്ചത്.
കാമ്പസിലെ എഴുത്തുകാലം
സെന്റ് സേവ്യേഴ്സ് കോളേജിലെ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ബിരുദപഠനമാണ് ജെൻസിയുടെ എഴുത്തിനെ പാകപ്പെടുത്തിയത്. ഏകാന്തതയിൽ മനസിൽ വിരിയുന്ന ആശയങ്ങൾക്ക് അമ്മ എപ്പോഴും കൂട്ടുചേർന്നു. അങ്ങനെ തന്റെ ആഗ്രഹങ്ങളും ആശങ്കകളും കവിതകളും കഥകളുമായി മാറി. പിന്നീട് കലാലയ അന്തരീക്ഷത്തിൽ ജെൻസിയുടെ കവിതകൾ പുസ്‌തകമായി. പഠനത്തിനുശേഷം പൊതുപ്രവർത്തനം തുടങ്ങിയപ്പോൾ എഴുത്ത് ജെൻസിക്കൊപ്പം കൂട്ടായിമാറി. ഒഴിവുസമയങ്ങളിൽ അങ്ങനെ ജെൻസി വീണ്ടും എഴുത്തിന്റെ കൂട്ടുകാരിയായി. കഥകളും കവിതകളും നാടകങ്ങളും ജെൻസി രചിച്ചിട്ടുണ്ട്. 'ചിതലോർമ്മകൾ' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയവചനകൾ എന്ന കവിതാസമാഹാരം ഇനി പ്രസിദ്ധീകരിക്കാനുണ്ട്. മൂകസാക്ഷി, സ്ത്രീധനം എന്നീ നാടകങ്ങൾ രചിക്കുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്.
വെറുതേ ഇരിക്കില്ല
ലോക്ക് ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ എന്തുചെയ്യണമെന്ന് ചിന്തിച്ചു. അങ്ങനെ ചിത്രപ്പണികളും അലങ്കാരജോലികളും കവിതയെഴുത്തും സജീവമായി. പഴയ കുപ്പികളിൽ പല നിറത്തിലുള്ള വള്ളികൾ മൊത്തത്തിൽ ചുറ്റി വരിയും. അതിൽ മണ്ണ് നിറച്ച് വള്ളിച്ചെടികൾ നടും. ശേഷം അത് വീടിനു പുറത്ത് തൂക്കിയിടും. ചിരട്ടകളിൽ ചായം തേച്ച് പല രൂപങ്ങൾ വരച്ച് അതിൽ ചെടികൾ നട്ട് മനോഹരമാക്കും. ജലച്ചായമാണ് നിറം നൽകാൻ വേണ്ടി ഉപയോഗിക്കുന്നത്. ചിരട്ടകളിൽ മണി പ്ലാന്റ്, നാലുമണി, പത്തുമണി ചെടികളാണ് നടുന്നത്. വീട്ടിലെ ചെറിയ സ്ഥലം ചെടികളാൽ ഭംഗിയാക്കുക എന്നതാണ് ജെൻസിയുടെ ലക്ഷ്യം. ചെടിച്ചട്ടികളിലും പലതരം കരകൗശല ചിത്രപ്പണികൾ ചെയ്യുന്നുണ്ട്. സഹോദരി ബെൻസിയും മകനും എല്ലാത്തിനും ഒപ്പമുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് രാത്രിയുടെ നിശബ്ദതയിലാണ് എഴുത്ത്. അമ്മ ജെറോമ ചൂടു കട്ടൻ ചായയുമായി മുറിയിൽ ജെൻസിക്കരികിലുണ്ടാകും.