ന്യൂയോർക്ക്: കൊവിഡ് മരണനിരക്കിൽ ഫ്രാൻസും ഞെട്ടുന്നു. പതിനായിരത്തിലധികം പേരാണ് മരിച്ചത്. ഇത്രയും പേർ മരിച്ച പട്ടികയിൽ ഫ്രാൻസ് നാലാംസ്ഥാനത്ത് എത്തിയിരിക്കുന്നു ചൊവ്വാഴ്ച മാത്രം 1,417 പേർ മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 10,328 ആയി. രോഗബാധിതരുടെ എണ്ണം 1,09,069 ആയി. ഇറ്റലി, സ്‌പെയിൻ, യുഎസ് എന്നിവിടങ്ങളിലാണ് നേരത്തെ പതിനായിരത്തിനു മുകളിൽ മരണം റിപ്പോർട്ട് ചെയ്തത്.
കൊവിഡിന്റെ പുതിയ ഹോട്ട് സ്‌പോട്ടുകളെന്ന് വിശേഷിക്കപ്പെടുന്ന നെതർലൻഡ്സിലും ബെൽജിയത്തിലും മരണസംഖ്യ ഉയരുകയാണ്.
ബെൽജിയത്തിൽ 2,035 പേർ മരിച്ചു. 22,194 പേർക്ക് രോഗം സ്ഥിരീകരിച്ചു. നെതർലൻഡ്സിൽ 2,101 മരണങ്ങളാണ് ഉണ്ടായത്. 19,580 പേർ രോഗബാധിതരായി. യു.എസിലും 1970 പേരാണ് 24 മണിക്കൂറിനിടെ കൊവിഡിൽ മരിച്ചത്. മൊത്തം മരണം 12,857 ആയി. 4,00,546 പേർ രോഗബാധിതരാണ്.