arctic

ലണ്ടൻ: ആർട്ടിക് പ്രദേശത്തിന് മുകളിൽ അന്തരീക്ഷത്തിൽ ഓസോൺ പാളിയിൽ വലിപ്പം കൂടിയ അപൂർവതരം വിള്ളൽ കണ്ടെത്തി. ഉത്തരധ്രുവത്തിന് മുകളിലെ അന്തരീക്ഷത്തിൽ അസാധാരണമായ നിലയിൽ താപനില താഴ്ന്നതാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു. ദിവസങ്ങളായി ഓസോണിലെ ഈ ദ്വാരത്തെ ഭൂമിയിൽ നിന്നും ബഹിരാകാശത്ത് നിന്നും നിരീക്ഷിച്ച് വരികയായിരുന്നു.

അതേസമയം, ഓസോൺ പാളിയിലെ ഈ ദ്വാരം മനുഷ്യന് ഹാനികരമാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ ദ്വാരം ആർട്ടിക്കിൽ നിന്നും തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുമോ എന്നാണ് ശാസ്ത്രജ്ഞർ ഭയക്കുന്നത്. ഗ്രീൻലാൻഡ് ഉൾപ്പെടെ ജനവാസമുള്ള തെക്കൻ മേഖലകളിലേക്ക് ഈ ദ്വാരം നീങ്ങിയാൽ സൂര്യാഘാതം പോലെ മനുഷ്യന് ദോഷകരമാകുമെന്ന ഭീഷണികൾക്ക് ആക്കം കൂടും. ആഴ്ചകൾ കൊണ്ട് ദ്വാരം അപ്രത്യക്ഷമായേക്കാമെന്ന് ഗവേഷകർ പറയുന്നു.

മുമ്പ് അന്റാർട്ടിക്കയിൽ ഓസോൺ പാളിയിൽ ദ്വാരം കണ്ടെത്തിയിരുന്നു. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. അന്തരീക്ഷത്തിലെത്തുന്ന മനുഷ്യനിർമിത രാസവസ്തുക്കളായ ക്ലോറിൻ, ബ്രോമിൻ പദാർത്ഥങ്ങളാണ് ഓസോൺ പാളിയ്ക്ക് ഭീഷണിയായി മാറുന്നത്. ഇവ അന്തരീക്ഷത്തിലുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്നു. സാധാരണ അന്റാർട്ടിക്കയിലാണ് താപനില താഴുമ്പോൾ അന്തരീക്ഷത്തിൽ പോളാർ സ്ട്രോറ്റോസ്ഫെറിക് മേഘങ്ങൾ രൂപപ്പെടുകയും ഓസോൺ പാളിയിൽ ഇത്തരം വിള്ളലുണ്ടാകുകയും ചെയ്യുന്നത്.

എന്നാൽ, ആർട്ടിക് പ്രദേശത്ത് സമാനരീതിയിൽ സംഭവിച്ചിരിക്കുന്നത് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വരും കാലങ്ങളിൽ ഇത് കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കുമോ എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷത്തിലെ സ്ട്രാറ്റോ‌സ്‌ഫിയറിലെ താപനിലയിലെ ഏറ്റക്കുറച്ചിലുകളുമാണ് ഇതിന് കാരണങ്ങളാകുന്നത്. യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർഫോർകാസ്‌റ്റിന്റെ കോപ്പർനിക്കസ് അറ്റ്‌മോസ്ഫെറിക് മോണിറ്ററിംഗ് സർവീസാണ് ഓസോണിലെ ദ്വാരം കണ്ടെത്തിയത്.