ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടുമെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.
അന്തിമ തീരുമാനം ശനിയാഴ്ചയുണ്ടാകും. മോദി വീഡിയോ കോൺഫറൻസിംഗ് വഴി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതനുസരിച്ചാകും അന്തിമതീരുമാനം കേന്ദ്രം സ്വീകരിക്കുക. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം, കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് 5149 ആണ്. മരിച്ചവരുടെ എണ്ണം 149 ആയും ഉയർന്നു.
ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിൽ പറഞ്ഞു. രാവിലെ വീഡിയോ കോൺഫറൻസിംഗ് വഴി പ്രതിപക്ഷകക്ഷികളുമായി അടക്കം മോദി കൂടിക്കാഴ്ച നടത്തി നിർദേശങ്ങൾ തേടിയിരുന്നു.
''ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം കേൾക്കും. രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണയായിട്ടുണ്ട്. ലോക്ക്ഡൗൺ ഭാഗികമായി നീക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശം പരിഗണിക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നില്ക്കുന്നു'', എന്നും മോദി വ്യക്തമാക്കി.
ഇതിന് മുമ്പ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച സമയത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് മോദി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. സാധാരണക്കാരെയും പാവപ്പെട്ടവരെയും അതിഥിത്തൊഴിലാളികളെയും ലോക്ക് ഡൗൺ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് ഒഴിവാക്കാനായി ഘട്ടം ഘട്ടമായി എങ്ങനെ ലോക്ക് ഡൗൺ പിൻവലിക്കാമെന്നാണ് വിവിധ സംസ്ഥാനങ്ങളോട് മോദി ചോദിച്ചത്. കേരളം ഇതിനനുസരിച്ച് ഒരു വിദഗ്ധസമിതി രൂപീകരിച്ച് നിർദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു.