ആറ്റിങ്ങൽ: വേനൽ കടുത്തതോടെ നിരവധി കുടിവെള്ള പദ്ധതികളുടെ പമ്പു ഹൗസുകൾ സ്ഥിതി ചെയ്യുന്ന വാമനപുരം നദിയിലെ നീരൊഴുക്ക് നിലച്ചു. കുടിവെള്ള പദ്ധതികൾ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് അധികൃതർ. പമ്പുഹൗസുകളുടെ കിണറുകളിലേക്ക് വെള്ളം കയറുന്ന വാൽവ് വെള്ളത്തിന്റെ ലെവലിൽ നിന്നും ഏറെ മുകളിലായിരിക്കുകയാണ്.
പൂവമ്പാറയ്ക്ക് സമീപം തടയണ ഒരുക്കിയാണ് കുടിവെള്ള പദ്ധതികൾക്കാവശ്യമായ വെള്ളം സംഭരിക്കുന്നത്. ഈ തടയണ ഇക്കുറി താല്കാലികമായി കുറച്ചു കൂടി ഉയർത്തിയിട്ടും നീരൊഴുക്ക് കുറഞ്ഞത് കാരണം വെള്ളം അനുദിനം താഴുകയാണ്. 2017ൽ ജനുവരിയിൽ തന്നെ തടയണയിലേയ്ക്ക് വെള്ളം ചുരുങ്ങിത്തുടങ്ങിയിരുന്നു. 18ൽ അത്രവലിയ പ്രശ്നം ഉണ്ടായില്ല. 19ൽ ഫെബ്രുവരി ആദ്യം തന്നെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിരുന്നു. ഇപ്പോൾ മാർച്ച് രണ്ടാം വാരത്തോടെ നീരൊരുക്ക് കുറഞ്ഞു. ഏപ്രിൽ ആദ്യ വാരമായതോടെ 2017ലെ ആദ്യ ഘട്ട സ്ഥിതിയിലേയ്ക്ക് എത്തിക്കഴിഞ്ഞു എന്നാണ് അധികൃതർ പറയുന്നത്. ഇത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ സൂചനയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ചിറയിൻകീഴ് താലൂക്കിലും വർക്കല താലൂക്കിലും മുഴുവൻ പ്രദോശത്തും വിതരണം ചെയ്യുന്നത് വാമനപുരം നദിയിൽ നിന്നുള്ള വെള്ളമാണ്. കഴക്കൂട്ടം, മേനംകുളം പ്രദേശത്തേക്ക് വിതരണത്തിനെത്തുന്നതും ഈ വെള്ളം തന്നെ. വരൾച്ചാ കാലത്ത് വാളക്കാട്ട് പ്രവർത്തിക്കുന്ന ശുദ്ധീകരണശാലയിൽ നിന്ന് ദിവസവും മുന്നൂറിലധികം ടാങ്കർ ലോറികൾക്കും വെള്ളം നൽകുന്നുണ്ട്. നദിയിൽ വെള്ളമില്ലാത്തത് വരും ദിവസങ്ങളിൽ ജനജീവിതത്തെ കാര്യമായി ബാധിക്കുകതന്നെ ചെയ്യും.
ലോക് ഡൗൺ കാലമായതിനാൽ എല്ലാവരും വീട്ടിൽ തന്നെയാണ്. ഇതും ജലത്തിന്റെ ഉപയോഗം കൂട്ടുകയാണ്. നിയന്ത്രിച്ച് വെള്ളം ഉപയോഗിച്ചില്ലെങ്കിൽ കുടിവെള്ളം തന്നെ മുട്ടുന്ന സ്ഥിതി വരുമെന്നാണ് വാട്ടർ അതോറിട്ടിയുടെ മുന്നറിയിപ്പ്.