mla

കാട്ടാക്കട : ലോക്ക് ഡൗൺ കാലത്തെ പ്രശ്നങ്ങൾ അടുത്തറിയാനും പരിഹാരം കാണാനുമായി കെ.എസ്.ശബരീനാഥൻ എം.എൽ.എയുടെയും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘം കുറ്റിച്ചൽ പഞ്ചായത്തിലെ പൊടിയം ആദിവാസി ഊരിലെത്തി.

സഞ്ചരിക്കുന്ന റേഷൻകട വഴി അരി ലഭിച്ചെങ്കിലും പലവ്യഞ്ജനത്തിനും പച്ചക്കറിക്കും ബുദ്ധിമുട്ട് നേരിടുന്നതായി ആദിവാസികൾ പരാതിപ്പെട്ടു.

സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് എത്തുന്നതോടെ ഇതിന് പരിഹാരമാകുമെന്നും സമയബന്ധിതമായി ആദിവാസി മേഖലകളിൽ ഇവ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ആദിവാസി ഊരുകളിൽ പച്ചക്കറി ലഭ്യമാക്കാൻ സർക്കാർ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം കളക്ടർക്ക് നിർദ്ദേശം നൽകി.

ആദിവാസി ഊരുകളിലുള്ളവർ കോട്ടൂർ ഉൾപ്പെടെയുള്ള പ്രധാന ജംഗ്ഷനുകളുമായി സാമൂഹിക അകലം പാലിക്കണമെന്നും പരമാവധി വീടുകളിൽ തന്നെ ഇരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. വൈദ്യസഹായം ഉൾപ്പെടെ ആദിവാസി ഊരുകളിലെത്തിക്കാനുള്ള നടപടികൾ ഉർജിതമാക്കുമെന്നും അവർ ഉറപ്പുനൽകി.